'മലയാളികളെ കുറിച്ച് കരുതിയിരുന്നത് ഇങ്ങനെയൊന്നുമല്ല', യുവാവിന്റെ വീഡിയോ ഹിറ്റ്
ലോകത്തിന്റെ ഏത് കോണില്‍ പോയാലും അവിടെ ഒരു മലയാളി ഉണ്ടാകുമെന്നാണല്ലോ പറയുന്നത്. കാലങ്ങളായി കേള്‍ക്കുന്നതാണ് ഈ ഒരു വിശേഷണം. അങ്ങനെയാണെങ്കില്‍ ലോകത്ത് എല്ലായിടത്തുമുള്ള മലയാളികളെ കുറിച്ച് എന്തായിരിക്കും മറ്റ് നാട്ടിലുള്ളവരുടെ അഭിപ്രായം. മലയാളികളെക്കുറിച്ചുള്ള പൊതുവായ ധാരണ, എന്താണ് തങ്ങള്‍ക്ക് മലയാളികളെക്കുറിച്ചുള്ള അഭിപ്രായം അല്ലെങ്കില്‍ കേട്ടുകേള്‍വി. ഈ കേള്‍ക്കുന്നതെല്ലാം ശരിയാണോ? ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഉത്തരേന്ത്യന്‍ യുവാവിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്.
ആകാശ് സിംഗ് പഡം എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഉത്തരേന്ത്യയില്‍ മലയാളികളെക്കുറിച്ച് വളരെ കൗതുകകരമായ ചില ധാരണകളാണ് ആളുകള്‍ക്കുള്ളതെന്നും ആദ്യമൊക്കെ ഇതില്‍ ചിലത് താനും വിശ്വസിച്ചിരുന്നു എന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. എല്ലാ മലയാളികളും ഗള്‍ഫിലേക്ക് പോകും എന്നതാണ് ഒന്നാമത്തെ കാര്യം. കേരളത്തിലെ എല്ലാ എയര്‍പോര്‍ട്ടിലും കാണുന്നത് ഗള്‍ഫിലേക്ക് പോകാനുള്ള മലയാളികളുടെ തിരക്കാണ് എന്നാണ് ഉത്തരേന്ത്യക്കാര്‍ക്കിടയിലെ വിശ്വാസം എന്നാണ് യുവാവ് പറയുന്നത്.
മലയാളികള്‍ക്ക് ഹിന്ദി അറിയില്ല എന്നതാണ് രണ്ടാമത്തെ കാര്യം. എന്നാല്‍ ഇത് തെറ്റാണെന്നും താന്‍ കേരളത്തില്‍ വന്നപ്പോള്‍ തന്നേക്കാള്‍ നന്നായി ഹിന്ദി സംസാരിക്കുന്നവരേയാണ് ഇവിടെ കാണാന്‍ കഴിഞ്ഞതെന്നും യുവാവ് പറയുന്നു. മലയാളികള്‍ മത്സ്യം മാത്രം കഴിക്കുന്നവരാണ് എന്നതാണ് മറ്റൊന്ന്. നിങ്ങള്‍ ഓണക്കാലത്ത് കേരളത്തില്‍ പോയി അവിടുത്തെ സദ്യ കഴിച്ചതിന് ശേഷം നമുക്ക് സംസാരിക്കാം എന്നാണ് കേരളത്തിലെ സദ്യയെ പുകഴ്ത്തിക്കൊണ്ട് ആകാശ് പറയുന്നത്.
ദക്ഷിണേന്ത്യന്‍ സിനിമയിലെ ഫൈറ്റ് സീനുകളില്‍ ഒരു ഇടിക്ക് നൂറ് പേരെ പറപ്പിക്കുന്നതാണ് പതിവ് എന്നതാണ് മറ്റൊരു കാര്യം. ദക്ഷിണേന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും അവിടുത്തെ സിനിമകളും വ്യത്യസ്തമാണ്. കേരളത്തില്‍ നിങ്ങള്‍ സഞ്ചരിച്ചാല്‍ അത് വേറൊരു ലോകം തന്നെയാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ഇപ്പോള്‍ താന്‍ കേട്ടിട്ടുള്ളതല്ലാതെ ഇതുപോലെ തെറ്റിദ്ധാരണ പരത്തുന്ന മിത്തുകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ കേരളത്തെക്കുറിച്ചും മലയാളികളെ കുറിച്ചും എന്ന് ചോദിച്ചുകൊണ്ടാണ് യുവാവ് വീഡിയോ അവസാനിപ്പിക്കുന്നത്.