ജി.ഡി.പി കണക്കുകൾ നിർണായകം
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിലെ രാജ്യത്തെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ചാ കണക്കുകളാണ് ഈ വാരം നിക്ഷേപകർ കരുതലോടെ കാത്തിരിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയുടെ ചലനങ്ങളെ സ്വാധീനിക്കും. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ ഭാഗികമായി ഇത്തവണത്തെ ജി.ഡി.പി വളർച്ചയെ ഭാഗികമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ചരക്ക് സേവന നികുതി ഗണ്യമായി കുറച്ചതോടെ ആഭ്യന്തര ഉപഭോഗം മെച്ചപ്പെട്ടതിനാൽ ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ വളർച്ചാ നിരക്ക് 6.5 ശതമാനമാകുമെന്നാണ് പ്രവചനം.
കഴിഞ്ഞ വാരാന്ത്യത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 88.55ലെത്തിയതും നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിക്കുന്നു. ഇതോടെ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായേക്കും. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് കുറയ്ക്കാൻ മടിക്കുന്നതിനാൽ വിദേശ ഫണ്ടുകളുടെ വിൽപ്പന സമ്മർദ്ദം കൂടാനിടയുണ്ട്. അമേരിക്കയുമായുള്ള വ്യാപാര കരാർ ഒപ്പുവക്കുന്നതിലെ അനിശ്ചിതത്വവും വിപണിയ്ക്ക് തിരിച്ചടിയാണ്.