വിപണിയിലെത്തുന്ന പുതിയ കാറുകൾ

Monday 24 November 2025 12:28 AM IST

കൊച്ചി: ചരക്കു സേവന നികുതിയിലെ ഇളവിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആവേശം സൃഷ്‌ടിക്കാൻ വാഹന നിർമ്മാതാക്കൾ പുതിയ നാല് ഇലക്ട്രിക് കാർ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുന്നു. ടാറ്റയുടെ പഴയ കാല മോഡലായ ടാറ്റ സിയറയുടെ പുതിയ പതിപ്പ് മുതൽ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനവും കിയ സെൽട്ടോസിന്റെ പുതുതലമുറ മോഡലും അടുത്ത ദിവസങ്ങളിൽ വിപണിയിലെത്തും.

ടാറ്റ സിയറ

ഇന്ത്യൻ ഉപഭോക്താക്കളുടെ മനം കീഴടക്കി വലിയ വിജയമായ പഴയ സിയറ മോഡലിന്റെ പുതിയ പതിപ്പ് നാളെ നിരത്തിൽ അവതരിപ്പിക്കും. കോംപാക്‌ട് എസ്.യു.വി വിഭാഗത്തിലാണ് സിയറ എത്തുന്നത്. ടാറ്റ കർവിന്റെ ബദൽ മോഡലായാണ് സിയറ അറിയപ്പെടുന്നത്.

പ്രതീക്ഷിക്കുന്ന വില

15 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ

മഹീന്ദ്ര എക്സ് ഇ.വി 9എസ്

ഭാവിയിലെ സൗകര്യങ്ങളുള്ള മികച്ച എസ്.യു.വി പ്രതീക്ഷിക്കുന്നവർക്ക് അനുയോജ്യമായ വാഹനമാണ്

മഹീന്ദ്ര എക്സ് ഇ.വി 9എസ്. പൂർണ ഇലക്ട്രിക് വാഹനമായ മഹീന്ദ്ര എക്സ് ഇ.വി 9എസ് നവംബർ 27ന് വിപണിയിലെത്തും.

പ്രതീക്ഷിക്കുന്ന വില

21 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ

മാരുതി ഇ വിറ്റാര

രാജ്യത്തെ ഏറ്റവും വലിയ വാഹന കമ്പനിയായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാരയുടെ വിപണനോദ്‌ഘാടനം ഡിസംബർ രണ്ടിന് നടക്കും. 49 കെ.ഡബ്‌ള്യു.എച്ച്, 61 കെ.ഡബ്‌ള്യു.എച്ച് എന്നീ ബാറ്ററി പാക്കേജുകളുമായാണ് വാഹനം എത്തുന്നത്. മാരുതിയുടെ നെക്‌സാ ചാനലിലൂടെയാണ് വാഹനം വിപണിയിലെത്തുന്നത്.

പ്രതീക്ഷിക്കുന്ന വില

17 ലക്ഷം രൂപ മുതൽ 22.5 ലക്ഷം രൂപ വരെ

പുതുതലമുറ കിയ സെൽട്ടോസ്

കിയയുടെ ഏറ്റവും പ്രതീക്ഷ നൽകുന്ന പുതുതലമുറ സെൽട്ടോസ് എസ്.യു.വി ഡിസംബർ പത്തിന് ആഗോള വിപണിയിലെത്തും. അടുത്ത വർഷം ആദ്യമാകും വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഹൈബ്രിഡ് കാറുകളിലെ ഏറ്റവും മികച്ച മോഡലായി സെൽട്ടോസിനെ മാറ്റാനാണ് കിയ ലക്ഷ്യമിടുന്നത്.

വില

11.3 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെ