ആസ്തിയിൽ വൻ വർദ്ധന: പി.വി. അൻവറിനെ ചോദ്യം ചെയ്യാൻ ഇ.ഡി
കൊച്ചി: അഞ്ചു വർഷത്തിനിടെ ആസ്തിയിലുണ്ടായ വൻവർദ്ധനവും ബിനാമി, കള്ളപ്പണ ഇടപാടുകളും ചട്ടങ്ങൾ ലംഘിച്ച് വായ്‌പകൾ നേടിയതുമുൾപ്പെടെ കുറ്റകൃത്യങ്ങളിൽ മുൻ എം.എൽ.എ പി.വി. അൻവറിനെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം
ചെയ്യും. ബിനാമികളുടെ ഉൾപ്പെടെ സ്ഥാപനങ്ങളിൽ വൻക്രമക്കേടുകൾ നടന്നതായി ഇ.ഡി റെയ്‌ഡിൽ കണ്ടെത്തി.
ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ അൻവറിന് അടുത്ത
ദിവസം നോട്ടീസ് നൽകും.. ആസ്തിയും വരുമാനവും പെരുകിയതിൽ വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കിൽ അറസ്റ്റിനും സാദ്ധ്യതയുണ്ട്.2016ൽ 14.38 കോടിയായിരുന്ന അൻവറിന്റെ ആസ്‌തി 2021ൽ 64.14 കോടിയായി ഉയർന്നു.. അഞ്ചുവ ർഷം കൊണ്ടുണ്ടായ വർദ്ധന ദുരൂഹവും സംശയകരവുമാണെന്നത് സംബന്ധിച്ചും വിശദീകരണം തേടും.
കള്ളപ്പണ നിരോധനനിയമം (പി.എം.എൽ.എ) പ്രകാരം വെള്ളിയാഴ്‌ചയാണ് അൻവറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്‌ഡ് ചെയ്‌തത്. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി) നിന്ന് കോടികൾ വായ്‌പയെടുത്തതിലും ക്രമക്കേടുകൾ കണ്ടെത്തി.
മാലംകുളം കൺസ്ട്രക്ഷൻസ്, പി.വി.ആർ ഡെവലപ്പേഴ്സ്, ബിസ് മഞ്ചേരി എൽ.എൽ.പി, കെ.എഫ്.സി മലപ്പുറം ശാഖ, വീടുകൾ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
ഒരേ വസ്‌തു ഈട് നൽകി ചെറിയ ഇടവേളയിൽ വാങ്ങിയ വായ്‌പകൾ വഴി 2.23
കോടിയുടെ കുടിശിക വരുത്തി. വായ്‌പത്തുക കമ്പനികളുടെ ഓഹരി ഉടമകൾ, ഡയറക്‌ടർമാർ, ബിനാമികൾ എന്നിവരുടെ പേരുകളിലേയ്‌ക്ക് മാറ്റി വിനിയോഗിച്ചു.
മരുമക്കളുടെയും ഡ്രൈവറുടെയും പേരിലാണ് മാലംകുളം കൺസ്ട്രക്ഷൻസ് പ്രവർത്തിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ അൻവർ മൊഴി നൽകി. പി.വി.ആർ മെട്രോ വില്ലേജ് പദ്ധതിക്കാണ് പണം ചെലവഴിച്ചത്. 15 ബാങ്ക് അക്കൗണ്ടുകൾ ബിനാമികളാണ്. ഇവയിലൂടെ സംശയകരമായ നിരവധി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഇ.ഡി അറിയിച്ചു.