സിംബ, ബ്രൗണി, ബ്രൂണോ: 'മൂവർ കാവലിരിക്കും വിനോദ് വള്ളം തുഴയും"
കൊച്ചി: വിനോദ് പങ്കായമെടുത്താൽ ബ്രൗണിയും ബ്രൂണോയും വഞ്ചിയുടെ അണിയത്തും സിംബ അമരത്തും ഇരിപ്പുറപ്പിക്കും. പിന്നെ നേരം പുലരുംവരെ വഞ്ചിയിൽ. കായലിലെ മത്സ്യബന്ധനത്തിനിടെ നീർനായ ആക്രമണത്തിൽ നിന്ന് യജമാനനെ രക്ഷിക്കുന്ന ബോഡി ഗാർഡ്സാണിവ. വർഷങ്ങളായി പതിവാണിത്.
42കാരനായ മുളവുകാട് സ്വദേശി വിനോദ് ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് നായ്ക്കളുമായി അപൂർവ സൗഹൃദം തുടങ്ങുന്നത്. അന്ന് നാടൻ പട്ടിയെ വാങ്ങി ലാളിച്ചു വളർത്തി. പ്രായാധിക്യത്താൽ ചത്തുപോയപ്പോൾ മറ്റൊന്നിനെ വാങ്ങി. പതിനാറാം വയസിലാണ് മത്സ്യബന്ധനത്തിലേക്ക് തിരിയുന്നത്. ഒപ്പമുണ്ടായിരുന്ന നായ പുഴയോരംവരെ ചെന്നിരുന്നെങ്കിലും വഞ്ചിയിൽ കയറിയിരുന്നില്ല. 13വയസുള്ള ആ നായ വിടപറഞ്ഞപ്പോഴാണ് ലാബ്രഡോർ ക്രോസായ സിംബയെയും പോമറേനിയൻ നായയായ ബ്രൗണിയെയും നാടൻ നായയായ ബ്രൂണോയെയും വാങ്ങിയത്.
കെട്ടിയിടില്ല, ആരെയും കടിക്കില്ല
നായ്ക്കൾ തീരെ കുഞ്ഞായിരിക്കെ മൂവരെയും വഞ്ചിയിൽ കയറ്റി കായലിൽ ചുറ്റിയടിക്കുമായിരുന്നു. ഒരിക്കൽ നീർനായക്കൂട്ടം വിനോദിനുനേരെ തിരിഞ്ഞപ്പോൾ മൂവരും അവയെ കുരച്ചു തുരത്തി. അന്നുമുതൽ മീൻപിടിക്കുമ്പോൾ വിനോദിന് ഇവർ കാവലായി. പാതിരാത്രി മുതൽ പുലർച്ചെവരെയാണ് മത്സ്യബന്ധനം. ചങ്ങലപ്പൂട്ടുകളൊന്നുമില്ല. ആരെയും ഉപദ്രവിക്കുകയുമില്ല. എല്ലാവരോടും അടുപ്പംകാട്ടുന്ന നായ്ക്കളെ വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയം. ഭാര്യ സെബിതയാണ് ഭക്ഷണം നൽകുന്നത്. മക്കളായ കൃഷ് മരിയക്കും ആദം ലൂക്കിനും മൂവരും ചങ്കുകളാണ്.
'സ്കൂൾ ബസുവരെ മക്കൾക്കൊപ്പം സഞ്ചരിച്ച് സംരക്ഷണമൊരുക്കാനും മൂവരും മുന്നിലാണ്. സ്‌കൂട്ടർ യാത്രയും ഇഷ്ടമാണ്".
-എം.ജെ. വിനോദ്