പുതിയ വാഹനങ്ങൾ സ്റ്റേഷനുകൾക്ക് മാത്രം; ഏമാൻമാർക്കില്ല
തിരുവനന്തപുരം: പൊലീസിന് പുതുതായി വാങ്ങുന്ന വാഹനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതിന് തടയിട്ട് സർക്കാർ. സ്റ്റേഷനുകളിലെ പഴകി ദ്രവിച്ചതും 15 വർഷം കാലാവധി കഴിഞ്ഞതുമായ വാഹനങ്ങൾക്ക് പകരം വാങ്ങുന്ന പുത്തൻ വണ്ടികൾ 'ഏമാൻമാർ' കൈക്കലാക്കുന്നത് പതിവായി. ഇതോടെ പുതിയ വാഹനങ്ങൾ,പഴയ വണ്ടികൾ ഒഴിവാക്കുന്ന സ്റ്രേഷനുകളിൽ നൽകണമെന്ന് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിട്ടത്.
സ്റ്റേഷനുകളിലും പട്രോളിംഗിനുമുള്ള വാഹനങ്ങളുടെ സ്ഥിതി പരിതാപകരമായിരിക്കെ,പൊലീസിലെ ഉന്നതർക്ക് പുത്തൻ കാറുകൾ നൽകുന്നതിനെക്കുറിച്ച് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. സമയത്ത് അറ്റകുറ്റപ്പണി നടത്താതെയും കാലപ്പഴക്കത്താലും നശിച്ച വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പെരുവഴിയിലാവുന്നതും പതിവായതോടെ ആഗസ്റ്റിൽ 42.33 കോടി മുടക്കി 373വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി. സെപ്തംബറിൽ ജി.എസ്.ടി ഇളവുണ്ടായതോടെ 4.59 കോടി ലാഭിച്ചു.
മന്ത്രിമാർക്കും വി.ഐ.പികൾക്കും അകമ്പടി പോകേണ്ടതിനാൽ തലസ്ഥാനത്ത് താരതമ്യേന പുതിയ വാഹനങ്ങളാണ്. ഇവിടെ ഓടിപ്പഴകിയ വാഹനങ്ങളാണ് മറ്റ് ജില്ലകളിലേക്ക് നൽകുന്നത്. അതേസമയം,സി.ഐമാർക്ക് പുതിയ വാഹനം കിട്ടും. സ്റ്റേഷനിലെ ജീപ്പ് തുരുമ്പിച്ചതും ടയറുകൾ തേഞ്ഞതുമായിരിക്കും. സർക്കാർ അംഗീകരിച്ച സ്വകാര്യ വർക്ക് ഷോപ്പുകളിലായിരുന്നു അറ്റകുറ്റപ്പണി. കുടിശികയായതോടെ അവർ ജോലിയേറ്റെടുക്കാതായി. സ്പെയർ പാർട്സിന്റെ കുടിശിക കൂടിയതോടെ അതും കിട്ടാതായി. ഇതോടെ വാഹനങ്ങൾ കട്ടപ്പുറത്തായി.
അടരുന്ന ബോഡി,കത്തുന്ന വണ്ടി
കാസർകോട് ബേക്കൽ എസ്.ഐയുടെ വാഹനം ഓടിക്കൊണ്ടിരിക്കെ ടയറിനോട് ചേർന്ന ബോഡിയുടെ ഭാഗങ്ങൾ റോഡിലേക്ക് അടർന്നു വീണു.
തിരുവനന്തപുരത്ത് സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പിയുടെ വാഹനം നഗര മദ്ധ്യത്തിലെ ട്രാഫിക് സിഗ്നലിൽ വച്ച് കത്തിയമർന്നു.
കാസർകോട്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന് പൈലറ്റായി പോയ ഡിവൈ.എസ്.പിയുടെ ജീപ്പിന്റെ മുൻവശത്തു നിന്ന് പുകയുയർന്നു.