തിരക്ക് കുറഞ്ഞു, സുഖദർശനം
Monday 24 November 2025 12:59 AM IST
ശബരിമല : മഴയെ തുടർന്ന് സന്നിധാനത്തേക്കുള്ള തീർത്ഥാടക പ്രവാഹം കുറഞ്ഞതിനാൽ ഇന്നലെ എത്തിയവർക്ക് കാത്തുനിൽപ്പില്ലാതെ സുഖദർശനം ലഭിച്ചു. ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ ചാറ്റൽ മഴ ഇന്നലെയും തുടർന്നു. പമ്പയിൽ നിന്ന് മല ചവിട്ടുന്നവരുടെ എണ്ണം കുറഞ്ഞതാണ് സന്നിധാനത്തെ തിരക്ക് ഒഴിയാൻ കാരണമായത്. ശനിയാഴ്ച രാത്രിയിലും ഇന്നലെയും എത്തിയ ഭൂരിഭാഗം ഭക്തരും പമ്പയിലും വിവിധ ക്യൂ കോംപ്ളക്സുകളിലും തങ്ങുകയായിരുന്നു. മഴയും മൂടൽമഞ്ഞും വകവയ്ക്കാതെ മലകയറി എത്തിയ തീർത്ഥാടകർ അയ്യപ്പസ്വാമിയെ കണ്ട് മനംനിറഞ്ഞാണ് മടങ്ങിയത്. തീർത്ഥാടനകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ഏഴ് ലക്ഷത്തോളം തീർത്ഥാടകരാണ് ദർശനം നടത്തിയത്. ഇന്നലെ പുലർച്ചെ ഉഷപൂജയ്ക്കും ഉച്ചയ്ക്ക് ശേഷവും നടതുറന്നപ്പോഴാണ് വലിയ നടപ്പന്തലിൽ ചെറിയ ക്യൂ അനുഭവപ്പെട്ടത്.