സഞ്ചാരികളെ ആകർഷിച്ച് തെന്മല ശെന്തുരുണി ഇക്കോ ടൂറിസം

Monday 24 November 2025 12:01 AM IST

പുനലൂർ: ജംഗിൾ സ്റ്റേ, സവാരി, ഗൈഡഡ് ട്രക്കിംഗ്, പക്ഷി നിരീക്ഷണം തുടങ്ങി നിരവധി പാക്കേജുകളുമായി തെന്മല ശെന്തുരുണി ഇക്കോ ടൂറിസം സഞ്ചാരികളെ ആകർഷിക്കുന്നു. ശെന്തുരുണി വനവികാസ ഏജൻസിയുടെ കീഴിൽ 2014ലാണ് ശെന്തുരുണി ഇക്കോ ടൂറിസം പ്രവർത്തനം ആരംഭിച്ചത്.

പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യമലമലനിരകളുടെ ഭാഗമാണ് കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ശെന്തുരുണി. ചെങ്കുറിഞ്ഞി മരത്തിന്റെ സംരക്ഷണാർത്ഥം രൂപികൃതമായ വന്യജീവി സങ്കേതം ഇന്ത്യയിൽ തന്നെ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സാങ്കേതമാണ്. വനത്തിന്റെയും പ്രകൃതിയുടെയും സംരക്ഷണം ഉറപ്പാക്കി പ്രദേശത്തെ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വനം വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശെന്തരുണി ഇക്കോ ടൂറിസത്തിൽ ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.

സഞ്ചാരികൾക്ക് ചെലവ് കുറഞ്ഞതും അടുത്തുള്ളതുമായ ജംഗിൾ സവാരികളിൽ ഒന്നാണ് കളംകുന്ന്. നയന വിസ്മയമായ കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടമാണിത്. തെന്മല ഡാം ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്ററിനകത്ത് വനത്തിലൂടെ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. റിസർവോയറിലെ ജലനിരപ്പും വിശാലമായ ആകാശ കാഴ്ചകളും മഴമേഘങ്ങളും മലനിരകളുടെയും കാഴ്ച റിസർവോയറിന്റെ നടുക്കുനിന്ന് കാണത്തക്ക രീതിയിൽ പ്രകൃതി അണിയിച്ചുതന്ന ഒരിടമായ ഇവിടെ വീണ്ടും വരാൻ ആരും ആഗ്രഹിക്കും.

ജംഗിൾ സ്റ്റേയുടെ ഭാഗമായി സഞ്ചാരികൾക്ക് താമസിക്കാനായി കോട്ടേജുകളുമുണ്ട്. കളംകുന്ന് 'ലേക്ക് വ്യൂ റിട്രീറ്റ് " റിസർവോയറിന്റെ തീരത്തുള്ള താമസവും രാവിലെയും വൈകുന്നേരങ്ങളിലെയും പ്രകൃതി ദൃശ്യങ്ങളും ഏറെ ആസ്വാദ്യകരമാണ്.

ജംഗിൾ സ്റ്റേ പാക്കേജ്

 ഇടിമുഴങ്ങാൻ നൈറ്റ്സ്

 വുഡി റോക്ക് വുഡ്

 റോസ്മല ഹെവൻ പള്ളിവാസൽ

 കുറുന്തോട്ടി ട്വിൻ ടവർ

 ശെന്തുരുണി ഐലന്റ് സ്റ്റേ (ബാംബൂ ഹട്ട്)

 കളംകുന്ന് ലേക്ക് വ്യൂ റിട്രീറ്റ്

ജംഗിൾ സവാരി

 കളംകുന്ന്  റോസ്മല

 ബോട്ട്

 കുട്ടവഞ്ചി

 റോസ്മല വ്യൂ പോയിന്റ്

 ഗെഡഡ് ട്രക്കിംഗ്

 പക്ഷിനിരീക്ഷണ യാത്ര