ഒരുമാസത്തിനിടെ 21 പേർക്ക് എലിപ്പനി

Monday 24 November 2025 12:04 AM IST

കൊല്ലം: മഴയ്ക്കൊപ്പം ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണവും ഉയരുന്നു. ഈ മാസം 18 വരെ 21പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. നിരവധിപേർ രോഗലക്ഷണങ്ങളോടെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. മയ്യനാട്, കുന്നത്തൂർ, മൈനാഗപ്പള്ളി, നെടുമ്പന, ആദിച്ചനല്ലൂർ, ഏരൂർ എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.

രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പനിയുള്ളവർ കൂടുതൽ ശ്രദ്ധ പുല‌ർത്തണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടും ജനങ്ങളുടെ ജാഗ്രതക്കുറവുമാണ് എലിപ്പനി പടരാൻ കാരണം.

രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ഉൾപ്പടെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഡോക്‌സിസൈക്ലിൻ ഗുളിക വിതരണം ചെയ്യുന്നുണ്ടെങ്കിലും പലരും കഴിക്കാറില്ല. പ്രാരംഭഘട്ടത്തിൽ തന്നെ ആശുപത്രിയിൽ ചികിത്സ തേടാത്തതും രോഗം പടർന്നുപിടിക്കുന്നതിനും രോഗം മൂർച്ഛിക്കുന്നതിനും കാരണമാകുന്നു.

പനിയുമായി ചികിത്സ തേടുന്ന സമയത്ത് കൈകാലുകളിൽ മുറിവുണ്ടെങ്കിലോ വീട്ടിൽ മൃഗങ്ങൾ ഉണ്ടെങ്കിലോ അക്കാര്യം ഡോക്ടറെ അറിയിക്കണം. എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കും. രക്ഷാപ്രവർത്തനം നടത്തുന്നവർ, കർഷകർ, തൊഴിലുറപ്പ് - ശുചീകരണ തൊഴിലാളികൾ, കൃഷി, കന്നുകാലി വളർത്തൽ എന്നീ മേഖലകളിൽ പണിയെടുക്കുന്നവർ തുടങ്ങിയവർക്കാണ് രോഗം പിടിപെടാനുള്ള സാദ്ധ്യത കൂടുതൽ.

മഴയ്ക്കൊപ്പം രോഗവ്യാപനം

 കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുത്

 ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്

 മലിനജലത്തിലിറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണം

 തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ

 കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യണം

 പനി മൂന്ന് ദിവസത്തിലേറെ നീണ്ടാൽ ചികിത്സ തേടണം

പ്രാരംഭ ലക്ഷണം

 പനി  പേശിവേദന  തലവേദന  വയറുവേദന  ഛർദ്ദി  കണ്ണ് ചുവപ്പ്

രോഗം മൂർച്ഛിച്ചാൽ

 കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും

പനി വന്നാൽ സ്വയം ചികിത്സ അരുത്. ഏത് പനിയും എലിപ്പനിയാകാം. പനി വന്നാലുടൻ ചികിത്സ തേടണം.

ആരോഗ്യ വകുപ്പ് അധികൃതർ