തൃശൂർ മൃഗശാലയിൽ ആൺ കടുവ ചത്തു

Monday 24 November 2025 1:04 AM IST

തൃശൂർ: ചെമ്പൂക്കാവിലെ പഴയ മൃഗശാലയിൽ മൂന്നു മാസമായി പ്രത്യേക പരിചരണത്തിലായിരുന്ന ഹൃഷിരാജ് എന്ന ആൺകടുവ ചത്തു. 25 വയസ് പ്രായമുണ്ട്. പ്രായാധിക്യം കാരണം അവശനിലയിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി കൂട്ടിൽ ചത്ത നിലയിലായിരുന്നു. തീർത്തും ചലന ശേഷിയില്ലാതായ കടുവയ്ക്ക് പ്രത്യേക പരിചരണം നൽകി വരികയായിരുന്നു.

ശനിയാഴ്ച ഭക്ഷണം കഴിക്കാതിരുന്ന കടുവ, രാത്രിയോടെ ഏറെ അവശനായി. 2015ലാണ് വയനാട്ടിലെ സുൽത്താൻ ബത്തേരി റേഞ്ചിൽ കാട്ടിക്കുളത്ത് നിന്നും ഇതിനെ പിടികൂടുന്നത്. ഈയിടെ കാലുകളുടെ പേശികൾ ദുർബലമായതോടെ നടക്കാൻ കഴിയാത്ത നിലയായി. അവശതയുള്ളതിനാൽ പുതിയ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോയിരുന്നില്ല. ഇരുപതു വയസ് വരെയാണ് കടുവ കാട്ടിൽ ജീവിക്കാറ്.