ഏങ്ങുമെത്താതെ നാടുകാണി-പരപ്പനങ്ങാടി പാത
നിലമ്പൂർ : 10 വർഷത്തോടടുക്കുമ്പോഴും നാടുകാണി-പരപ്പനങ്ങാടി പാത പാതിവഴിയിൽ തന്നെ. ജില്ലയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ആറ് നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 104.63 കിലോമീറ്റർ പാതയാണ് എങ്ങുമെത്താതെ കിടക്കുന്നത്. 2016ൽ ആരംഭിച്ച പ്രവൃത്തി പല ഘട്ടങ്ങളിലും നിറുത്തി വയ്ക്കേണ്ടി വന്നു. ഇപ്പോൾ പൂർണ്ണമായും നിലച്ച മട്ടാണ്. നാടുകാണി മുതൽ പരപ്പനങ്ങാടി വരെ നിലവിലെ റോഡ് 12 മീറ്ററായി വികസിപ്പിക്കാനുദ്ദേശിച്ചാണ് പാതപ്രവൃത്തി ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനെ ചൊല്ലിയും റോഡരികിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെയും ചൊല്ലി യും തുടക്കം മുതൽ തന്നെ എതിർപ്പുകളുയർന്നു. ഇതുമൂലം പ്രവൃത്തി അടിക്കടി തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. നിലമ്പൂർ മണ്ഡലത്തിൽ 26 കിലോമീറ്റർ റോഡിൽ അര കിലോമീറ്ററിൽ മാത്രമാണ് റോഡ് 12 മീറ്ററിൽ നിർമ്മിക്കാനായിട്ടുള്ളത്. പലയിടങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കേസുകളുണ്ട്.മഞ്ചേരി,മലപ്പുറം, നാടുകാണി എന്നിവിടങ്ങളിൽ വീതി കൂട്ടി പ്രവൃത്തി പൂർത്തിയാക്കിയെങ്കിലും 2018-19ലെ പ്രളയം തിരിച്ചടിയായി. നാടുകാണി ചുരം റോഡ് ഒന്നാകെ തകർന്നു. വീണ്ടും അവിടെ പണി പൂർത്തിയാക്കിയെങ്കിലും വഴിക്കടവ് മുതൽ പദ്ധതി നിലച്ച മട്ടാണ്. മഞ്ചേരി ജസീല ജംഗ്ഷൻ മുതൽ കച്ചേരിപ്പടി, മലപ്പുറം ഹാജിയാർ പള്ളി മുതൽ വേങ്ങര ടൗൺ, കക്കാട്, പരപ്പനങ്ങാടി ടൗൺ എന്നിവിടങ്ങളിൽ റോഡ് വികസനം സംബന്ധിച്ച് കേസുകളും തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. പലതവണ ചർച്ചകൾ നടന്നെങ്കിലും തീരുമാനമുണ്ടായില്ല. വഴിക്കടവ് എടക്കര, നിലമ്പൂർ,മമ്പാട് എന്നിവിടങ്ങളിൽ ജനങ്ങൾ റോഡിനായി ഭൂമി വിട്ടു നൽകാൻ തയ്യാറായിരുന്നു . ഇതിനുശേഷം വന്ന മലയോരഹൈവേ പദ്ധതി ഒട്ടുമിക്ക സ്ഥലങ്ങളിലും പണിപൂർത്തിയാക്കി.
12 മീറ്റർ വീതിയിൽ നാടുകാണി മുതൽ പരപ്പനങ്ങാടി വരെയുള്ള പാതയ്ക്ക് യു.ഡി.എഫ് സർക്കാരിന്റെ അവസാന ഘട്ടത്തിലാണ് തുടക്കം കുറിക്കുന്നത്.
475 കോടി രൂപയുടെ ടെൻഡർ നൽകിയിരുന്നത് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ 390 കോടിയായി റീ ടെൻഡർ ചെയ്തു. ഊരാളുങ്കൽ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്.
തുടക്കം മുതൽതന്നെ ഭൂമി ഏറ്റെടുക്കുന്നതിനെ ചൊല്ലി എതിർപ്പും കേസുകളും ഉടലെടുത്തു. സമരസമിതിയും രൂപീകരിക്കപ്പെട്ടു.
9 മീറ്റർ ടാറിട്ട ഭാഗവും ഒന്നര മീറ്റർ വീതിയിൽ ഇരുസൈഡും ഡ്രൈനേജും നടപ്പാതയും അടക്കമാണ് നിർമ്മിക്കുക.