കെ-ടികുമായി കുടുംബശ്രീ; ജനുവരിയിൽ ആരംഭിക്കും
മലപ്പുറം: പട്ടിക വർഗ വിഭാഗത്തിന്റെ സംരംഭക സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കെ-ടിക് (കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസസ് ആൻഡ് ഇന്നവേഷൻ സെന്റർ) അടുത്ത വർഷം ജനുവരിയിൽ ജില്ലയിൽ പ്രവർത്തനം ആരംഭിക്കും. ജില്ലയിൽ 23 പേർ സന്നദ്ധത അറിയിച്ച് എത്തിയിരുന്നെങ്കിലും 18 പേരെയാണ് തിരഞ്ഞെടുത്തത്. 30.87 രൂപയാണ് പദ്ധതിച്ചെലവ്.
നിലമ്പൂരിലെ ആലേഖനം ചെയ്ത തൂവാല, തദ്ദേശീയ മേഖലയിൽ നിന്നും പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ചുള്ള പലഹാര നിർമ്മാണം, വനവിഭവ വിപണനം, സ്വയം കൃഷി ചെയ്യുന്ന മത്സ്യങ്ങൾ കൊണ്ടുള്ള വിവിധ വിഭവങ്ങൾ, വിവിധ മസാലപ്പൊടികളും പലഹാരപ്പൊടികളും ഒറ്റത്തവണ ഉപയോഗിക്കാനുതകുന്ന രീതിയിലുള്ള വിപണനം, കരകൗശല വസ്തുക്കളുടെ നിർമ്മാണം തുടങ്ങി നിരവധി സംരംഭങ്ങളാണ് നൂതന മികവോടെ ഒരുങ്ങുന്നത്.
കുടുംബശ്രീ ജില്ലാ മിഷൻ ടീമും സംസ്ഥാന തലത്തിൽ പ്രത്യേകം പരിശീലനം ലഭിച്ചവരും ചേർന്നാണ് സംരംഭകർക്ക് പരിശീലനം നൽകിയത്. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു പരിശീലനം. പരിശീലന കാലയളവിൽ സംരംഭങ്ങളുടെ പ്രവർത്തന രീതിയും ഉത്‌പന്ന വിപണനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരിൽക്കണ്ട് മനസിലാക്കുന്നതിനായി ഗുണഭോക്താക്കൾക്ക് ഫീൽഡ് സന്ദർശനം നടത്തിയിരുന്നു.
ഓരോരുത്തർക്കും സംരംഭക സ്വഭാവം അനുസരിച്ചുള്ള സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കും. കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ഫണ്ടിൽ നിന്ന് 50,000 രൂപ മുതൽ മൂന്ന് ലക്ഷം വരെയുള്ള സഹായമാണ് നൽകുക. 18നും 35 വയസിനും ഇടയിൽ പ്രായമുള്ളവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. 45 വയസ് വരെയുള്ള 10 ശതമാനം പേരും ഇതിൽ ഉൾപ്പെടും.
തിരഞ്ഞെടുക്കപ്പെട്ടത്
പോത്തുകല്ലിലെ നാരങ്ങാപൊയിൽ, ചെമ്പ്ര, എടക്കരയിൽ വെള്ളാരംകുന്ന്, മൂത്തേടം ഉന്നതിയിലുള്ളവർ പദ്ധതിയുടെ ഭാഗമായി. മൂത്തേടത്തെ തീക്കൊടിയിലുളളവരും നിലമ്പൂരിലെ വല്ലപ്പുഴ, വരേടംപാടം, നല്ലംതണ്ണി, പാടിക്കുന്ന് ഉന്നതിയിലുള്ളവരും മമ്പാടിലെ കാരച്ചാലുള്ളവരും ഊർങ്ങാട്ടിരിയിൽ ഓടക്കയത്തുള്ളവരും എടവണ്ണയിൽ ഓടണ്ടപ്പാറയിലുള്ളവരും ഭാഗമായി. കരുവാരക്കുണ്ടിൽ ചേരി, നെല്ലിക്കലടിയിലുള്ളവരും ചാലിയാറിൽ അമ്പുമല, പാലക്കയം ഉന്നതിയിലുള്ളവരും ചോക്കാട് 40 സെന്റ് ഗിരിജൻ നഗറിലുള്ളവരും ഭാഗമായി.
ഓരോ പ്രദേശത്തെയും വിപണി സാദ്ധ്യതയ്ക്കനുസരിച്ചുള്ള സംരംഭങ്ങളാണ് നടപ്പാക്കുന്നത്. അടുത്ത വർഷം ആദ്യം പദ്ധതി ആരംഭിക്കും. കെ.എസ്.അസ്‌ക്കർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ