പിതാവിന് ഹൃദയാഘാതം : സ്മൃതിയുടെ വിവാഹം നീട്ടിവച്ചു
സാംഗ്ലി ( മഹാരാഷ്ട്ര ): ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരംസ്മൃതി മന്ഥനയുടെ വിവാഹച്ചടങ്ങ് മാറ്റിവച്ചു. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് മൈനർ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് സ്മൃതിയും സംഗീത സംവിധായകനായ പലാഷ് മുച്ചലും തമ്മിൽ ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹ ചടങ്ങ് മാറ്റിവച്ചതെന്ന് താരത്തിന്റെ മാനേജർ തുഹിൻ മിശ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിൽ സ്മൃതിയുടെ ജന്മനാടായ സാംഗ്ലിയിൽ താരത്തിന്റെ ഫാംഹൗസിൽ രണ്ട് ദിവസമായി വിവാഹ ആഘോഷച്ചടങ്ങുകൾ നടക്കുന്നുണ്ട്. എന്നാൽ വിവാഹ ദിനമായി നിശ്ചയിച്ചിരുന്ന ഇന്നലെ രാവിലെ പ്രഭാത ഭക്ഷണത്തിനിടെ ശ്രീനിവാസിന് അസ്വസ്ഥതയുണ്ടാവുകയായിരുന്നു. ഉടൻ വിവാഹ വേദിയിലേക്ക് ആംബുലൻസ് എത്തിച്ച് ശ്രീനിവാസിനെ ആശുപത്രിയിലേക്ക് മാറ്റി. പിതാവ് സുഖമായി തിരിച്ചെത്തിയ ശേഷം വിവാഹച്ചടങ്ങുകൾ നടത്തിയാൽ മതിയെന്ന് സ്മൃതിയാണ് തീരുമാനമെടുത്തത്. നിലവിൽ ശ്രീനിവാസിന്റെആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ഒബ്സർവേഷനിലാണെന്നുമാണ് റിപ്പോർട്ട്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി ഹൽദി ഉൾപ്പെടെയുള്ള ചടങ്ങുകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സുഹൃത്തുക്കളും ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാംഗ്ലിയിലെത്തിയിരുന്നു.