മുത്തു വന്തല്ലോ...

Monday 24 November 2025 3:03 AM IST

ഗോഹട്ടി: അത്ഭുത സെഞ്ച്വറിയുമായി നിറഞ്ഞാടിയ സെനുരാൻ മുത്തുസ്വാമിയുടേയും തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയ മാർക്കോ ജാൻസൺന്റെയും മികവിൽ ഇന്ത്യയ്‌ക്കതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ഒന്നാം ഇന്നിംഗ്‌സ് സ്കോർ. 247/6 എന്ന നിലയിൽ രണ്ടാം ദിനം ഒന്നാം ഇന്നിം‌ഗ്‌സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 489 റൺസെടുത്താണ് ഓൾഔട്ടായത്. തുടർന്ന് ഒന്നാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ വെളിച്ചക്കുറവ് മൂലം ഇന്നലെ നേരത്തേ കളി നിറുത്തുമ്പോൾ 6.1ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ 9 റൺസെടുത്തിട്ടുണ്ട്. യശ്വസി ജയ്‌സ്വാൾ 7 റൺസെടുത്തും കെ.എൽ രാഹുൽ 2 റൺസെടുത്തും ക്രിസീലുണ്ട്.

മുത്തുവും ജാൻസണും

ഗോഹട്ടിയിലെ ഫ്ലാറ്റ് പിച്ചിൽ ഇന്നലെ കനത്ത ചെറുത്ത് നിൽപ്പാണ് ദക്ഷിണാഫ്രിക്കൻ വാലറ്റം പുറത്തെടുത്ത്. അവസാന നാല് വിക്കറ്റുകൾ വീഴ്‌ത്തി ദക്ഷിണാഫ്രിക്കയെ ഓൾ ഔട്ടാക്കാൻ ഇന്ത്യയ്ക്ക് ഇന്നലെ ഏറെക്കുറെ അവസാന സെക്ഷൻ വരെ പന്തെറിയേണ്ട ി വന്നു. ടെസ്‌റ്റിലെ കന്നിസെഞ്ച്വറി കുറിച്ച ഇന്ത്യൻ വംശജൻ കൂടിയായ മുത്തുസ്വാമി 206 പന്ത് നേരിട്ട് 10 ഫോറും 2 സിക്സും ഉൾപ്പെടെ 109 റൺസ് നേടി. സെഞ്ച്വറിക്ക് തുല്യമായ അർദ്ധ സെഞ്ച്വറി കുറിച്ച മാർക്കോ ജാൻസൺ 91 പന്തിൽ 6 ഫോറും 7 സിക്‌സും ഉൾപ്പെടെ 93 റൺസ് നേടി. 122 പന്ത് നേരിട്ട ് 45 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെയ്‌ൽ വ രെയെന്നെയും മികച്ച സംഭാവന നൽകി.

ഇന്നലെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച മുത്തുസ്വാമിയും വരെയെന്നെയും ഇന്ത്യൻ ബൗളിംഗിനെ സൂക്ഷ്മമായി നേരിട്ടു മുന്നോട്ടുപോയി. ഇരുവരും പ്രശ്നങ്ങളില്ലാതെ ദക്ഷിണാഫ്രിക്കയെ 300 കടത്തി. പരമ്പരയിൽ ആദ്യമായി വിക്കറ്റില്ലാത്ത സെക്ഷനായി ഇന്നലത്തെ ഒന്നാം സെക്ഷൻ. ടീം സ്കോർ 334ൽ വച്ച് അർദ്ധ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന വരെയെന്നെയെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് കൂട്ടുകെട്ട് തകർത്തത്. ജഡേജയെ സ്റ്റെപ്പ് ഔട്ട് ചെയ്ത് നേരിടാനുള്ള ശ്രമത്തിനിടെ വരെയെന്നെയെ ഇന്ത്യൻ ക്യാ‌പ്‌ടൻ റിഷഭ് പന്ത് സ്റ്റ്മ്പ് ചെയ്യുകയായിരുന്നു. ഇരുവരും 7-ാം വിക്കറ്റിൽ 237 പന്തിൽ 88 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടർന്ന് മുത്തുസ്വാമിക്ക് കൂട്ടായി ജാൻസൺ എത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ സ്കോറിംഗ് വേഗം കൂടി. ടീം സ്കോർ 400 കടത്താനും ഈ കൂട്ടുകെട്ടിനായി. ഇതിനിടെ മുത്തുസ്വാമി സെഞ്ച്വറി യും തികച്ചു. സെഞ്ച്വറി തികച്ച് അധികം വൈകാതെ മുത്തുസ്വാമിയെ സിറാജ് യശ്വസി ജയ്‌സ്വാളിന്റെ കൈയിൽ എത്തിച്ചു. 8 -ാം വിക്കറ്റിൽ മുത്തുസ്വാമിയും ജാൻസണും 107 പന്തിൽ 97 റൺസ് ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടിൽ എത്തിച്ചു. പകരമെത്തിയ ഹാർമ്മറെ (5) ഒരറ്റത്ത് നിറുത്തി ജാൻ സൺ അടിച്ചു തകത്ത് മുന്നേറുന്നതിനിടെ ഹാർമ്മറെ ബുംറ ബൗൾഡാക്കി. ഒടുവിൽ അർഹിച്ച സെഞ്ച്വറിക്ക് 7 റൺസ് അകലെ ജാൻസണെ ക്ലീൻ ബൗൾഡാക്കി കുൽദീപ് യാദവ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിന് തിരശീലയിട്ടു. ജാൻസൺന്റെ ടെസ്റ്റിലെ ഏറ്രവും ഉയർന്ന വ്യക്തിഗത സ്കോറാണ് മത്സരത്തിലേത്.

കേശവ് മഹാരാജ് 12 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കായി കുൽദീപ് 4 വിക്കറ്റ് വീഴ്‌ത്തി. ബുറയും സിറാജും ജഡേജയും 2 വിക്കറ്ര് വീതം നേടി.