കാഴ്ചപരിമിതരുടെ വനിതാ ടി20 ലോകകപ്പ്: ഇന്ത്യയ്ക്ക് കിരീടം അൻപോട് കണ്മണി
കൊച്ചി: കാഴ്ചപരിമിതർക്കായുള്ള പ്രഥമ വനിതാ ട്വൻ്റി-20 ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാരായി.കൊളംബോ പി. സാറ ഓവൽ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നേപ്പാളിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നേപ്പാൾ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റിന് 114 റൺസെടുത്തു. സരിത 38 പന്തിൽ 34 റൺസും ബിമലറായ് 26 പന്തിൽ 26 റൺസും നേടി. ഇന്ത്യയ്ക്കുവേണ്ടി ജമുനറാണി തുഡു, അനുകുമാരി എന്നിവർ ഓരോ വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 12.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്കുവേണ്ടി ഫുലസരൺ 27 പന്തിൽ 44 റൺസും കരുണകുമാരി 27 പന്തിൽ 42 റൺസും നേടി ഇന്ത്യയുടെ വിജയം എളുപ്പമാക്കി. ഫുലസരണാണ് പ്ലെയർ ഒഫ് ദി മാച്ച്.
ശ്രീലങ്കൻ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂരിയ, ലോകകപ്പ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർ മീനാക്ഷിലേഖി, ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ചെയർമാൻ ഡോ. മഹന്ദേഷ്, പ്രസിഡന്റ് ബൂസ് ഗൗഡ, വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സെക്രട്ടറി ജനറൽ രജനീഷ് ഹെൻറി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.