കാസ‌ർകോട് ഹനാൻ ഷായുടെ സംഗീതപരിപാടിക്കിടെ സംഘർഷം: സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്

Monday 24 November 2025 7:42 AM IST

കാസർകോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം ഹനാൻ ഷാ നടത്തിയ സംഗീത പരിപാടിക്കിടെ സംഘർഷമുണ്ടായതിൽ കേസെടുത്ത് പൊലീസ്. പരിപാടിയിൽ തിക്കും തിരക്കുമുണ്ടായി ഇരുപതോളം പേർക്ക് പരിക്കേറ്റ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. പരിപാടിയുടെ സംഘാടകർക്കും കമ്മിറ്റിയംഗങ്ങൾക്കും എതിരെയാണ് കേസ്. ഉൾക്കൊള്ളാവുന്നതിൽ അധികം ആളുകളെത്തിയതോടെ തിരക്കും പിന്നാലെ അപകടവും സംഭവിച്ചതോടെയാണ് സംഘർഷമുണ്ടായത്. മൂവായിരത്തോളം പേർക്ക് മാത്രമേ പ്രവേശിക്കാനാകൂ എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു എന്നാൽ പതിനായിരത്തിലേറെ പേരാണ് എത്തിയതെന്ന വിവരമാണ് പൊലീസ് പ്രാഥമിക വിവര പട്ടികയിലുള്ളത്.

സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപുതന്നെ ആളുകൾ ഇവിടെ തിക്കിതിരക്കി. നഗരത്തിൽ ഗതാഗതം സ്തംഭിച്ചു, ഇതോടെ പൊലീസ് പരിപാടി നിർത്തിവയ്‌പ്പിച്ചു. സ്ഥലത്ത്‌ വൻ സംഘർഷമുണ്ടായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. ഒട്ടേറെപ്പേർ കുഴഞ്ഞുവീണുവെന്നാണ് വിവരം. തിരക്ക് നിയന്ത്രണാതീതമായതോടെ സംഗീത പരിപാടി അവസാനിപ്പിച്ചു. തിക്കിലും തിരക്കിലും പെട്ട് അസ്വസ്ഥതയുണ്ടായ 15ഓളം പേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരുടെയും നില ഗുരുതരമല്ല.