സ്മൃതി മന്ഥനയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതിന് പിന്നാലെ പ്രതിശ്രുത വരനും ആശുപത്രിയിൽ
സാംഗ്ലി (മഹാരാഷ്ട്ര): പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ വിവാഹച്ചടങ്ങ് മാറ്റിവച്ചിരുന്നു. വിവാഹച്ചടങ്ങ് മാറ്റിവച്ചതായി താരത്തിന്റെ മാനേജർ തുഹിൻ മിശ്രയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇപ്പോഴിതാ സ്മൃതിയുടെ പ്രതിശ്രുത വരനും സംഗീത സംവിധായകനുമായ പലാഷ് മുച്ചലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
വൈറൽ അണുബാധ, ഉയർന്ന അസിഡിറ്റി എന്നിവയെത്തുടർന്നാണ് പലാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമല്ലാത്തതിനാൽ ചികിത്സയ്ക്ക് ശേഷം പലാഷ് താമസ സ്ഥലത്ത് തിരികെയെത്തിയെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയിൽ സ്മൃതിയുടെ ജന്മനാടായ സാംഗ്ലിയിൽ താരത്തിന്റെ ഫാംഹൗസിൽ രണ്ട് ദിവസമായി വിവാഹ ആഘോഷച്ചടങ്ങുകൾ നടന്നുവരികയായിരുന്നു. വിവാഹ ദിനമായി നിശ്ചയിച്ചിരുന്ന ഇന്നലെ രാവിലെ പ്രഭാത ഭക്ഷണത്തിനിടെ ശ്രീനിവാസിന് അസ്വസ്ഥതയുണ്ടാവുകയായിരുന്നു. ഉടൻ വിവാഹ വേദിയിലേക്ക് ആംബുലൻസ് എത്തിച്ച് ശ്രീനിവാസിനെ ആശുപത്രിയിലേക്ക് മാറ്റി. പിതാവ് സുഖമായി തിരിച്ചെത്തിയ ശേഷം വിവാഹച്ചടങ്ങുകൾ നടത്തിയാൽ മതിയെന്ന് സ്മൃതിയാണ് തീരുമാനമെടുത്തത്.
നിലവിൽ ശ്രീനിവാസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ഒബ്സർവേഷനിലാണെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. രക്തസമ്മർദ്ദവും ഉയർന്ന അളവിലാണ്. ഇത് തുടർന്നാൽ ആൻജിയോഗ്രാം ചെയ്യുന്നതടക്കം പരിഗണിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി ഹൽദി ഉൾപ്പെടെയുള്ള ചടങ്ങുകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സുഹൃത്തുക്കളും ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാംഗ്ലിയിലെത്തിയിട്ടുണ്ട്.