മത്സരത്തിൽ നിന്ന് പിന്മാറിയാൽ പണം നൽകാമെന്ന് ബിജെപി; പരാതിയുമായി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി

Monday 24 November 2025 10:02 AM IST

പാലക്കാട്: നാമനിർദ്ദേശപത്രിക പിൻവലിച്ചാൽ പണം നൽകാമെന്ന് ബിജെപി വാഗ്ധാനം നൽകിയതായി പരാതി. പാലക്കാട് നഗരസഭയിലെ 50-ാം ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. നിലവിലെ ബിജെപി കൗൺസിലർ ജയലക്ഷ്മിയും സംഘവും രമേശിന്റെ വീട്ടിലെത്തി പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.

ആദ്യംതന്നെ കാണാൻ ബിജെപിയുടെ മുൻകൗൺസിലർ സുനിൽ വീട്ടിലെത്തിയിരുന്നതായി രമേശ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 'സുനിലെത്തിയ സമയത്ത് ഞാൻ വീട്ടിലുണ്ടായിരുന്നില്ല. ഡിസിസി ഓഫീസിലേക്ക് പോകുകയായിരുന്നു. പിന്നീടാണ് ജയലക്ഷ്മിയും ഗണേശെന്നയാളും വീട്ടിലേക്ക് വന്നത്. അച്ഛനോടും ഭാര്യയോടും സംസാരിച്ചു. എന്നോട് മത്സരത്തിൽ നിന്ന് പിന്മാറണമെന്നും സാമ്പത്തികമായി സഹായിക്കാമെന്നും പറഞ്ഞു. സിപിഎം സ്ഥാനാർത്ഥി പിന്മാറിയിട്ടുണ്ടെന്നൊക്കെ അവർ പറഞ്ഞു'- രമേശ് ആരോപിച്ചു.

ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ കോൺഗ്രസിന്റെ ആരോപണങ്ങളെ ബിജെപി നിഷേധിച്ചിരിക്കുകയാണ്.