കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിൽ; കസ്റ്റഡിയിലെടുത്ത് പൊലീസ്
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളം സൗത്ത് റെയിൽവേ പൊലീസ് കസ്റ്റഡിയിൽ. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ബണ്ടി ചോറിനെ സംശയാസ്‌പദമായ സാഹചര്യത്തിലുള്ള കരുതൽ തടങ്കൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കസ്റ്റഡിയിലെടുത്തത്. മുൻപ് കേരളത്തിൽ വലിയ മോഷണം നടത്തുകയും അതിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത ആളായതിനാൽ ഇയാളുടെ സാന്നിദ്ധ്യം സംശയാസ്‌പദമായിട്ടാണ് പൊലീസ് കാണുന്നത്. എന്നാൽ ഹെെക്കോടതിയിൽ ഒരു കേസിന്റെ ആവശ്യത്തിന് ഹാജരാകാനാണ് താൻ കേരളത്തിലെത്തിയതെന്നാണ് ബണ്ടി ചോർ മൊഴി നൽകിയത്. പക്ഷേ കേസ് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വരാത്തതിനാൽ പൊലീസ് ഈ കാര്യങ്ങൾ പരിശോധിക്കുകയാണ്.
നിലവിൽ ബണ്ടി ചോർ പൊലീസ് കസ്റ്റഡിയിൽ തന്നെ തുടരുകയാണ്. കേരളത്തിൽ ഇയാൾക്കെതിരെ ഇപ്പോൾ കേസുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കെെയിൽ നിന്ന് ഒരു ബാഗ് ലഭിച്ചിട്ടുണ്ട്. ഇതിൽ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് വിവരം. സംശയിക്കാവുന്ന ഉപകരണങ്ങൾ ഒന്നുംതന്നെ ഇയാളുടെ കെെവശം ഉണ്ടായിരുന്നില്ല.