ഒരു മെത്തയ്ക്ക് ഏഴ് കോടി രൂപ, ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്; കണ്ണുതള്ളി സോഷ്യൽ മീഡിയ

Monday 24 November 2025 11:18 AM IST

മുംബയ്: ഒരു മനുഷ്യന് ഏറ്റവും ആവശ്യമായ ഒന്നാണ് ഉറക്കം. ശരാശരി എട്ട് മണിക്കൂർ ഒരു മനുഷ്യൻ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധർ പറയാറുള്ളത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പലർക്കും അത് കൃത്യമായി ലഭിക്കണമെന്നില്ല. ചിലർക്ക് നന്നായി ഉറങ്ങണമെങ്കിൽ മികച്ച മെത്ത ആവശ്യമായുണ്ട്. നിങ്ങൾക്ക് സുഖമായി ഉറങ്ങാൻ സാധിക്കുന്ന മെത്തകളെയാണ് ഏറ്റവും മികച്ചതെന്ന് പറയുന്നത്. സ്പ്രിംഗ്, ലാറ്റക്സ്, മെമ്മറി ഫോം എന്നിവ പരിഗണിക്കേണ്ട ചില പൊതുവായ ഘടകങ്ങളാണ്. ഓരോന്നിനും വ്യത്യസ്ത തരം ഉറക്കാനുഭവം ലഭിക്കും

എന്നാൽ എത്ര സുഖകരമായ ഉറക്കം ലഭിക്കുമെന്ന് പറഞ്ഞാലും ഏഴ് കോടി രൂപയുടെ ഒരു മെത്ത വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിക്കുമോ? എന്നാൽ അങ്ങനെയൊരു മെത്തയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസൈനറാണ് ഏഴ് കോടി രൂപ വിലയുള്ള ഈ മെത്തയെക്കുറിച്ചുള്ള വിശദാംശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ആഡംബര സ്വീഡിഷ് കരകൗശല വൈദഗ്ദ്ധ്യം ഉൾപ്പെടുത്തി, കൈകൊണ്ട് നിർമ്മിച്ച കിടക്കകളിൽ വൈദഗ്ദ്ധ്യം നേടിയ ഹേസ്റ്റൻസ് മുംബയാണ് ഈ മെത്ത നിർമ്മിച്ചത്. 1852ൽ സ്ഥാപിതമായ ഈ ബ്രാൻഡ് പ്രമുഖ രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ, മറ്റ് പ്രധാന വ്യക്തികൾ എന്നിവർക്കാണ് മെത്ത നിർമ്മിച്ച് നൽകുന്നത്. ഏഴ് കോടി രൂപ വിലവരുന്ന ഈ മെത്തയെ ചിലർ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിക്കുന്നത് 'റോൾസ് റോയ്സ് മാട്രസ്' എന്നാണ്. കൈകൊണ്ട് നിർമ്മിച്ചെടുക്കുന്ന ഈ മെത്ത പൂർത്തിയാക്കാൻ 300 മണിക്കൂറാണ് ആവശ്യമായുള്ളത്. ഓരോ പാളിയിലും പരുത്തി, കമ്പിളി, കുതിരമുടി എന്നിവയാണ് നിറച്ചത്.

കുതിരമുടി വെറുതെ ഉൾപ്പെടുത്തിയതല്ല, പ്രകൃതിദത്ത നീരുറവകൾ പോലെയാണ് അത് പ്രവർത്തിക്കുന്നത്. വായു അതിലൂടെ ഒഴുകാൻ അനുവദിക്കുന്നു. അതുകൊണ്ട് മെത്തയിൽ ഒരിക്കലും ചൂട് കുടിക്കില്ല. ഉറങ്ങുന്ന സമയത്ത് നിങ്ങൾ ഒരിക്കലും വിയർക്കില്ല. പൂർണ്ണമായും പ്രകൃതിദത്തമായ ഈ വസ്തുവിൽ ഫോം, ലാറ്റക്സ്, സിന്തറ്റിക് എന്നിവ അടങ്ങിയിട്ടില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇനി ഏഴ് കോടിയുടെ മെത്ത നിങ്ങൾക്ക് വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ 20 ലക്ഷം രൂപ മുതലുള്ള മറ്റ് മെത്തകളും ലഭ്യമാണ്.