മാസംതോറും 9000 രൂപ അക്കൗണ്ടിലെത്തും; 1000 രൂപ മാത്രം മതി, അധികവരുമാനം നേടാൻ അവസരം

Monday 24 November 2025 12:22 PM IST

നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളം എത്ര വലുതോ ചെറുതോ ആയിക്കോട്ടെ, അതിൽനിന്ന് ഒരു നിശ്ചിത തുക ഭാവിയിലേക്ക് സുരക്ഷിതമായി മാ​റ്റിവച്ചാലോ. തപാൽവകുപ്പിന്റെ വിവിധ പദ്ധതികളിലാണ് ഈ പണം നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങൾക്ക് വലിയ ലാഭം സ്വന്തമാക്കാവുന്നതാണ്. അത്തരത്തിലൊന്നാണ് പോസ്​റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി. ഇതിലൂടെ നിക്ഷേപം നടത്തി മാസംതോറും 9000 രൂപ സ്വന്തമാക്കിയാലോ? എത്ര രൂപ നിക്ഷേപിക്കണം, പലിശ എത്രയാണ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.

ഇന്ത്യൻ പൗരനായ ആർക്കും ഈ പദ്ധതിയുടെ ഭാഗമാകാം. പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ പേരിൽ രക്ഷിതാവിനോ, 10 വയസിന് മുകളിലുള്ളവർക്ക് ​​സ്വന്തം പേരിലും പോസ്റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ചേരാം. സിംഗിൾ അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട് എന്നിങ്ങനെ നിക്ഷേപം നടത്താം. സിംഗിൾ അക്കൗണ്ടിൽ ഒമ്പത് ലക്ഷം രൂപവരെയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപവരെയും നിക്ഷേപിക്കാം. അഞ്ച് വർഷമാണ് പദ്ധതിയുടെ നിക്ഷേപ കാലാവധി.

നിലവിലെ പലിശ നിരക്ക് 7.4 ശതമാനമാണ്. ഈ പദ്ധതിയിൽ കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. തുടർന്ന് 1000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് അനുസരിച്ച് അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപത്തിന് പ്രതിമാസം 3,083.33 രൂപയും, ഒമ്പത് ലക്ഷം രൂപയ്ക്ക് പ്രതിമാസം 5,550 രൂപയും, 15 ലക്ഷം രൂപയ്ക്ക് പ്രതിമാസം 9,250 രൂപയും ലഭിക്കും. ഈ തുക അഞ്ച് വർഷത്തേക്ക് സ്ഥിരമായി ലഭിക്കും.

അപേക്ഷിക്കേണ്ട രീതി

അടുത്തുള്ള പോസ്റ്റോഫീസിൽ നിന്ന് പോസ്റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ അപേക്ഷാ ഫോം വാങ്ങുക. അപേക്ഷാ ഫോം, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി പോസ്റ്റോഫീസിൽ എത്തുക. പകർപ്പായി കൊണ്ടുവന്ന രേഖയുടെ ഒർജിനൽ പതിപ്പുകളും കൈയിൽ കരുതുന്നത് നല്ലതായിരിക്കും. അപേക്ഷാ ഫോമിൽ സാക്ഷിയുടേയും നോമിനിയുടേയും ഒപ്പുകളുണ്ടോയെന്ന് ഉറപ്പാക്കുക.