ശബരിമല സ്വർണക്കൊള്ള; എൻ വാസുവിനെ വിജിലൻസ് കോടതിയിൽ ഹാജരാക്കി, പ്രതിഷേധിച്ച് ബിജെപി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. വിലങ്ങില്ലാതെയാണ് വാസുവിനെ എത്തിച്ചത്. കസ്റ്റഡി കാലാവധി നീട്ടുന്നതിനാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിനിടെ കോടതിയ്ക്ക് പുറത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
വാസു ദേവസ്വം കമ്മിഷണറായിരുന്ന സമയത്ത് സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എല്ലാം വാസു അറിഞ്ഞുകൊണ്ടാണ് ചെയ്‌തതെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ മുരാരി ബാബുവും സുധീഷ് കുമാറും മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വാസുവിനെ അറസ്റ്റ് ചെയ്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും രണ്ടുവട്ടം ദേവസ്വം കമ്മിഷണറുമായിരുന്നു എൻ വാസു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള കട്ടിള സ്വർണം പൊതിഞ്ഞതാണെന്ന് 2019 ഫെബ്രുവരി 16ന് എക്സിക്യുട്ടീവ് ഓഫീസർ ബോർഡിന് നൽകിയ കത്തിലുണ്ടായിരുന്നു. ഇത് തിരുത്തി ചെമ്പുപാളികൾ എന്നാക്കിയതാണ് വാസുവിന് കുരുക്കായത്. സ്വർണം പൊതിഞ്ഞ കട്ടിള ചെമ്പെന്ന പേരിൽ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചതിലെ ഗൂഢാലോചനയിൽ നിർണായക പങ്കാണ് വാസുവിനുള്ളതെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
പാളികൾ പോറ്റിക്ക് കൈമാറാൻ ബോർഡ് തീരുമാനിച്ചത് വാസുവിന്റെ ശുപാർശയിലാണ്. 2019 ഫെബ്രുവരി 26ന് വാസു നൽകിയ കത്ത് അംഗീകരിച്ചാണ് മാർച്ച് 19ലെ ബോർഡ്‌യോഗം പോറ്റിയുടെ കൈയിൽ പാളികൾ കൊടുത്തുവിടാൻ തീരുമാനിച്ചത്. ശബരിമലയിലെ സ്വർണപ്പാളികൾ ആദ്യമായി ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്ന് ദേവസ്വം കമ്മിഷണറായിരുന്ന എൻ വാസു ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണെന്നാണ് കണ്ടെത്തൽ.