കളിമറന്ന് ഇന്ത്യ, മൂന്നാം ദിനവും ദക്ഷിണാഫ്രിക്കയ്ക്ക് ആധിപത്യം
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യക്ക് തിരിച്ചടി. ഭേദപ്പെട്ട തുടക്കത്തിനുശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യ, ചായക്ക് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എന്ന നിലയിലായിരുന്നു. അതിനു പിന്നാലെ മൂന്ന് വിക്കറ്റുകൾ കൂടി ഇന്ത്യയ്ക്ക് നഷ്ടമായി.
മാർക്കോ യാൻസണിന്റെയും സ്പിന്നർമാരുടെയും കൃത്യതയാർന്ന ബൗളിംഗാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 489 റൺസിനെതിരെ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 65 റൺസിന് വിക്കറ്റ് നഷ്ടമില്ലാതെ തുടർന്നെങ്കിലും പിന്നീട് വിക്കറ്റുകൾ ഓരോന്നായി വീഴുകയായിരുന്നു. അർദ്ധസെഞ്ച്വറി തികച്ച യശ്വസി ജയ്‌സ്വാൾ (97 പന്തിൽ 58) തുടക്കത്തിൽ ശ്രദ്ധയോടെ ബാറ്റു വീശിയെങ്കിലും സൈമൺ ഹാർമറിന്റെ പന്തിൽ കൂടാരം കയറി.
തൊട്ടു പിന്നാലെ കെഎൽ രാഹുലും (22) കേശവ് മഹാരാജിന്റെ പന്തിൽ പുറത്തായി. അതിനു പിന്നാലെ എത്തിയ സായ്‌സുദർശൻ ( 15) ധ്രുവ് ജുറേൽ (0) , ക്യാപ്ടൻ ഋഷഭ് പന്ത് (7), രവീന്ദ്ര ജഡേജ (6), നിതീഷ് കുമാർ റെഡ്ഡി (10) തുടങ്ങിയവരും തിളങ്ങാനാകാതെ പെട്ടെന്ന് തന്നെ പുറത്താകുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ മാർക്കോ യാൻസൺ നാല് വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും സൈമൺ ഹാർമർ രണ്ട് വിക്കറ്റുകളും വീഴ്ത്തിയാണ് ഇന്ത്യയുടെ മദ്ധ്യ നിരയെ കൂട്ടത്തകർച്ചയിലേക്ക് വിട്ടത്.
നിലവിൽ 67 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് എടുത്തിരിക്കുന്നത്, വാഷിംഗ്ടൺ സുന്ദറും (33) കുൽദീപ് യാദവുമാണ് (14) ക്രീസിലുള്ളത്. ദക്ഷിണാഫ്രിക്കയേക്കാൾ 315 റൺസുകൾക്ക് പിന്നിലാണ് ഇന്ത്യ.