പാമ്പിനെ പിടിക്കും കാട്ടാനയെ ഓടിക്കും, ജുവൽ ജൂഡി ഇപ്പോൾ വോട്ടു പിടിക്കുന്നു
കോതമംഗലം: ജനവാസ മേഖലകളിൽ രാജവെമ്പാലയോ, പെരുമ്പാമ്പോ, മറ്റ് വിഷ പാമ്പുകളോ ഇറങ്ങിയാൽ പിടിക്കാൻ ഓടിയെത്തുന്ന ജൂവൽ ജൂഡി ഇപ്പോൾ നാട്ടിലിറങ്ങി വോട്ടാണ് പിടിക്കുന്നത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ജുവൽ. അറിയപ്പെടുന്ന സ്നേക്ക് റസ്ക്യൂവറാണ് അദ്ദേഹം. പത്രികാ സമർപ്പണത്തിന് ശേഷം വോട്ട് പിടിക്കുന്നതിനിടെയും പാമ്പിനെ പിടിക്കാൻ പോകേണ്ടിവന്നു.
കോട്ടപ്പാറ വനമേഖലയ്ക്ക് അടുത്ത് വടക്കുംഭാഗത്താണ് ജുവലിന്റെ വീട്. കാട്ടാന ശല്യം അതിരൂക്ഷമായ പ്രദേശമാണിത്. കാട്ടാനകളെ തുരത്താനും ജുവൽ മുന്നിലുണ്ടാകും. വന്യമൃഗ ശല്യത്തിനെതിരെ നിരന്തര പോരാട്ടത്തിലൂടെയും ജുവൽ ജൂഡി ശ്രദ്ധേയനാണ്. വനം വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിസംഗതക്കെതിരെയും പ്രതികരിക്കും. ജുവൽ ജൂഡിയെ സ്ഥാനാർത്ഥിയാക്കാൻ മുന്നണികളുടെ നീക്കമുണ്ടായിരുന്നു. എന്നാൽ പാർട്ടി നിയന്ത്രണങ്ങൾക്ക് കീഴ്പ്പെടാതെ സ്വതന്ത്രനാകാനായിരുന്നു തീരുമാനം.
വന്യജീവി ശല്യത്തെ പ്രതിരോധിക്കാൻ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ ഗ്രാമ പഞ്ചായത്തിന് കഴിയും. മെമ്പർക്കും ഇടപെടലുകൾ നടത്താനാകും. ഇപ്പോൾ അതൊന്നും ഉണ്ടാകുന്നില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്ഥാനാർത്ഥിയായത്
ജുവൽ ജൂഡി
മൂന്നാം വാർഡിൽ ജുവലിന് പുറമെ നാല് സ്ഥാനാർത്ഥികൾകൂടിയുണ്ട്. സിറ്റിംഗ് വാർഡിൽ എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് ഷെല്ലി എം. ഭാസ്കറിനെയാണ്. യു.ഡി.എഫിന് വേണ്ടി മുൻ മെമ്പർ എം.കെ. എൽദോസും എൻ.ഡി.എക്ക് വേണ്ടി സുരാജ് മേക്കമാലിയുമാണ് മത്സരിക്കുന്നത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബി റെജി സ്വതന്ത്രയായും രംഗത്തുണ്ട്.