കണ്ണൂരിൽ അഞ്ച് വാർഡുകളിൽ എതിരില്ലാതെ വിജയിച്ച് എൽഡിഎഫ്; രണ്ട് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി, ഒരാൾ പിന്മാറി

Monday 24 November 2025 3:47 PM IST

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഞ്ച് വാർഡുകളിൽ വിജയിച്ച് എൽഡിഎഫ്. ആന്തൂർ നഗരസഭയിലെ അഞ്ച് സീറ്റുകളിലാണ് എൽഡിഎഫ് എതിരില്ലാതെ വിജയിച്ചത്. ഇന്ന് രണ്ട് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളുകയും ഒരു സ്ഥാനാർത്ഥി പിൻവാങ്ങുകയും ചെയ്‌തതോടെയാണ് അഞ്ച് സീറ്റുകൾ ലഭിച്ചത്. നേരത്തേ രണ്ട് വാർഡുകളിൽ യുഡിഎഫിന് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല.

തർക്കം നിലനിന്നിരുന്ന നാല് വാർഡുകളിലെ പരിശോധന പൂർത്തിയായപ്പോൾ രണ്ട് വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക അംഗീകരിക്കുകയും രണ്ട് വാർഡുകളിലേത് തള്ളുകയുമായിരുന്നു. തളിയിൽ, കോടല്ലൂർ വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികയാണ് തള്ളിയത്. ഇതോടെ മൊറാഴ, പൊടിക്കുണ്ട്, കോടല്ലൂർ, തളിയിൽ, അഞ്ചാം പീഡിക എന്നീ വാർഡുകളിലാണ് എൽഡിഎഫിന് എതിരില്ലാത്തത്.

തട്ടിക്കൊണ്ടുപോയതായി യുഡിഎഫ് ആരോപിച്ച 26-ാം വാർഡിലെ സ്ഥാനാർത്ഥി കെ ലിവ്യയാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറിയത്. ഇത് കാണിച്ച് ലിവ്യ കത്ത് നൽകിയിരുന്നു. ലിവ്യ ഇന്ന് നഗരസഭാ ഓഫീസിലെത്തി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറുമെന്നും അറിയിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആറ് വാർഡിൽ എൽഡിഎഫിന് എതിരുണ്ടായിരുന്നില്ല. 2015ലെ തിരഞ്ഞെടുപ്പിൽ 14 വാർഡുകളിൽ എതിരുണ്ടായിരുന്നില്ല.