ഇന്ത്യ തകരുന്നു; യാൻസൺ കൊടുങ്കാറ്റിൽ 201ന് പുറത്ത്, ദക്ഷിണാഫ്രിക്കയ്ക്ക് 288 റൺസിന്റെ കൂറ്റൻ ലീഡ്
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 201 റൺസിന് അവസാനിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 288 റൺസിന്റെ കൂറ്റൻ ലീഡാണ് ലഭിച്ചത്. മത്സരം മൂന്നാം ദിനം തുടരുമ്പോൾ തന്നെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത് പേസർ മാർക്കോ യാൻസനാണ്. 19.5 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി അദ്ദേഹം ആറ് വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. ഓപ്പണർ യശസ്വി ജയ്സ്വാൾ (97 പന്തിൽ 58) മാത്രമാണ് ഇന്ത്യൻ നിരയിൽ അർദ്ധസെഞ്ച്വറി നേടിയത്. കെ എൽ രാഹുൽ 22 റൺസെടുത്തു. മികച്ച തുടക്കം ലഭിച്ചിട്ടും മദ്ധ്യനിരയുടെ കൂട്ടതകർച്ച ഇന്ത്യക്ക് തിരിച്ചടിയായി. ധ്രുവ് ജുറേൽ (0), ഋഷഭ് പന്ത് (7), രവീന്ദ്ര ജഡേജ (6), നിതീഷ് കുമാർ റെഡ്ഡി (10) എന്നിവർ തിളങ്ങനാകാതെ അതിവേഗം കൂടാരത്തിലേക്ക് മടങ്ങി.
യാൻസൺ തന്നെയാണ് മദ്ധ്യ നിരയിലെ പ്രധാന വിക്കറ്റുകൾ എറിഞ്ഞിട്ടത്. വാഷിങ്ടൺ സുന്ദർ (92 പന്തിൽ 48), കുൽദീപ് യാദവ് (134 പന്തിൽ 19) എന്നിവർ ചേർന്ന് ഫോളോ ഓൺ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും പുറത്തായി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ടത് കുൽദീപാണ്. മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും ചേർന്നാണ് ഇന്ത്യയുടെ സ്കോർ 200 കടത്തിയത്. യാൻസന് പുറമേ സ്പിന്നർമാരായ സൈമൺ ഹാർമർ മൂന്നും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.