പത്രിക പിൻവലിക്കാതെ വിമത സ്ഥാനാർത്ഥികൾ, തലസ്ഥാന കോർപ്പറേഷനിൽ ഇരുമുന്നണികൾക്കും ഭീഷണി
തിരുവനന്തപുരം : തലസ്ഥാനത്ത് വിമത ഭീഷണിയിൽ വലഞ്ഞ് ഇടതുവലത് മുന്നണികൾ. തിരുവനന്തപുരം കോർപ്പറേഷനിൽ അഞ്ചിടത്ത് എൽ.ഡി.എഫിനും യു.ഡി.എഫിനും ഭീഷണിയായി വിമതർ തുടരുന്നു. അഞ്ച് വീതം വിമതരാണ് മത്സര രംഗത്തുള്ളത്.
എൽ.ഡി.എഫിനെതിരെയാണ് ശക്തരായ വിമത സ്ഥാനാർത്ഥികൾ രംഗത്തുള്ളത്. വാഴോട്ടുകോണം, ഉള്ളൂർ, കാച്ചാണി, ചെമ്പഴന്തി വാർഡുകളിലാണ് എൽ.ഡി.എഫിന് വിമതഭീഷണി. സി.പി.എം പ്രാദേശിക നേതാക്കളാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരെ അനുനയിപ്പിക്കാൻ നേതൃത്വം അവസാന നിമിഷം വരെ ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയ്ക്കെതിരെ ആരോപണം ഉന്നയിച്ച് ഉള്ളൂരിൽ മുൻ ലോക്കൽ കമ്മിറ്റി അംഗവും ദേശാഭിമാനി മുൻ ബ്യൂറോ ചീഫുമായ കെ. ശ്രീകണ്ഠനും ചെമ്പഴന്തിയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസഡിന്റ് ആനി അശോകനും മത്സര രംഗത്തുണ്ട്. വാഴോട്ടുകോണം വാർഡിൽ ലോക്കൽ കമ്മിറ്റി അംഗം കെ.വി. മോഹനനും കാച്ചാണിയിൽ നെട്ടയം സതീഷും വിഴിഞ്ഞത്ത് എൻ.എ. റഷീദും പത്രിക സമർപ്പിച്ചിട്ടുണ്ട്.
യു.ഡി.എഫിന് നാലിടത്താണ് വിമത ഭീഷണി. പൗണ്ട് കടവിൽ സുധീഷ് കുമാർ, പുഞ്ചക്കരിയിൽ മുൻ കൗൺസിലർ കൃഷ്ണവേണി, കഴക്കൂട്ടത്ത് ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി. ലാലു, വിഴിഞ്ഞത്ത് യൂത്ത് കോൺഗ്രസ് നേതാവ് സിസൈൻ ഹുസൈൻ എന്നിവരാണ് പത്രിക നൽകിയത്. പൗണ്ടുകടവിൽ ലീഗും പുഞ്ചക്കരിയിൽ ആർ.എസ്.പിയുമാണ് മത്സരിക്കുന്നത്. ഇതിന് പുറമേ സീറ്റ് തർക്കത്തെ തുടർന്ന്ന കേരള കേരള കോൺഗ്രസ് വിഭാഗവും അഞ്ച് സീറ്റിൽ മത്സരിക്കുന്നുണ്ട്