'കെഎസ്ആര്‍ടിസിയെ രക്ഷിക്കാനെന്ന പേരില്‍ ദ്രോഹിക്കുന്നു, പത്തനാപുരത്ത് ഗണേഷിന്റെ എതിരാളിയായി മത്സരിക്കും'

Monday 24 November 2025 8:46 PM IST

കൊല്ലം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാറിന് എതിരെ മത്സരിക്കും. പത്തനാപുരത്ത് താന്‍ മത്സരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് റോബിന്‍ ബസ് ഉടമയായ ഗിരീഷ്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം മേലുകാവ് പഞ്ചായത്തില്‍ നിന്ന് റോബിന്‍ ഗിരീഷ് മത്സരിക്കുന്നുണ്ട്. എട്ടാം വാര്‍ഡായ ഇടമറുകില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരരംഗത്തുള്ളത്.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുമായി ബന്ധപ്പെട്ടാണ് മലയാളികള്‍ ഗിരീഷിന്റെ പേര് ആദ്യമായി കേള്‍ക്കുന്നത്. എന്നാല്‍ പൊതുഗതാഗത മേഖലയെ സംരക്ഷിക്കുകയെന്ന പേരില്‍ സര്‍ക്കാര്‍ ബസ് ഉടമകളെ കൊള്ള ചെയ്യുകയാണെന്നാണ് ഗിരീഷ് പറയുന്നത്. പെര്‍മിറ്റിന്റെ പേരില്‍ കൊള്ളയടിയാണ് സര്‍ക്കാര്‍ നടത്തുന്നത്. പുതിയ ബസ് ഉണ്ടെങ്കില്‍ മാത്രമേ പെര്‍മിറ്റ് നല്‍കുകയുള്ളൂവെന്ന് പറയുന്ന സര്‍ക്കാര്‍ ഓടിക്കുന്നതില്‍ ബഹുഭൂരിപക്ഷവും പഴഞ്ചന്‍ വണ്ടികളാണെന്നും ഗിരീഷ് ആരോപിക്കുന്നു. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

'രാഷ്ട്രീയത്തില്‍ തുടരുകയാണ് ലക്ഷ്യം. വലിയ പ്രസംഗം നടത്താനോ വാഗ്ദാനങ്ങള്‍ നല്‍കാനോ അറിയില്ല. എനിക്കറിയാവുന്ന ഭാഷയില്‍ ജനങ്ങളുമായി സംസാരിക്കും. ഈ തിരഞ്ഞെടുപ്പ് തുടക്കം മാത്രമാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കും. മന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് തന്നെ മത്സരിക്കണമെന്നാണ് എന്റെ ആഗ്രഹം. പൊതുഗതാഗതത്തെ ഇത്രയും തകര്‍ത്ത വേറൊരു മന്ത്രിയില്ല.'- ഒരു സ്വകാര്യ മാദ്ധ്യമത്തിന് അനുവദിച്ച് അഭിമുഖത്തില്‍ റോബിന്‍ ഗിരീഷ് പറഞ്ഞു.