താത്പര്യത്തിന് അനുസരിച്ച് പഠിക്കാം
'ആരുടെയും നിർബന്ധത്തിന് വഴങ്ങി പഠിക്കരുത്". ഇതാണ് പത്തനംതിട്ട സ്വദേശിയായ സുനിൽ ടീച്ചർ പുതുതലമുറയ്ക്ക് നൽകുന്ന ഉപദേശം. പഠനം ആഘോഷമാക്കിയാൽ ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാം എന്നതിന്റെ ഉദാഹരണമാണ് ഇവർ.
മകൾ ഡോക്ടറായി പാവങ്ങളെ ശുശ്രൂഷിക്കണമെന്നായിരുന്നു സുനിൽ ടീച്ചറുടെ മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ സ്വന്തം ഇഷ്ടത്തിനൊത്ത് പഠിക്കാനായിരുന്നു ടീച്ചർക്ക് ഇഷ്ടം. തുടർന്ന് കേരള സർവകലാശാലയിൽ നിന്ന് റാങ്കോടെ എം.എസ്സി സുവോളജി പൂർത്തിയാക്കി. എം.ഫിലും പി.എച്ച്ഡിയും നേടി പത്തനംതിട്ട വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ അദ്ധ്യാപികയായിട്ടായിരുന്നു തുടക്കം. 1995ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അദ്ധ്യാപികയായി. തുടർന്ന് നിരവധി കോളേജുകളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് സുവോളജി വിഭാഗം മേധാവിയായി വിരമിച്ച ഇവർ, അദ്ധ്യാപനത്തിനൊപ്പം സാമൂഹിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്. നിർദ്ധനരായവർക്ക് വീട് നിർമ്മിച്ചു നൽകാനും രക്തദാനത്തിനും മുന്നിലുണ്ട്. രാജ്യത്തിന്റെ ആദരവായി നാരീശക്തി പുരസ്കാരവും സുനിൽ ടീച്ചറെ തേടിയെത്തി. തൃശൂരിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
അദ്ധ്യാപകരെ അനുകരിച്ച് പഠിക്കാം
സ്കൂൾ ക്ളാസിൽ അദ്ധ്യാപകർ പഠിപ്പിക്കുന്നത് കൂട്ടുകാരെ അനുകരിച്ച് കാണിച്ചാണ് സുനിൽ ടീച്ചർ പാഠഭാഗങ്ങൾ മനഃപാഠമാക്കിയിരുന്നത്. കണക്കിൽ പിന്നാക്കമായ കൂട്ടുകാർക്ക് പ്രത്യേകം പറഞ്ഞു കൊടുത്തും പഠിച്ചു. രാത്രി വെളുക്കുവോളം പഠിക്കാറില്ല. ക്ളാസിൽ അദ്ധ്യാപകർ പഠിപ്പിക്കുന്നത് ശ്രദ്ധയോടെ കേട്ടിരിക്കും. അതിനാൽ പിന്നെ വീട്ടിലെത്തി വീണ്ടും പുസ്തകം വായിക്കേണ്ടി വന്നിട്ടില്ല. ആ സമയം പൊതു അറിവുകൾ ലഭിക്കുന്ന പത്രങ്ങളും മാഗസിനുകളും കഥകളും നോവലുകളും വായിച്ചു. പാഠഭാഗങ്ങൾ പഠിക്കേണ്ടതിന്റെയും മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നതിന്റെയും ടെൻഷൻ ഒഴിവാക്കാൻ ഇതൊരു സഹായിച്ചു.
ഹോം ഫോർ ഹോംലെസ്
ഡോ. എം.എസ്.സുനിൽ ഫൗണ്ടേഷന്റെ സ്വപ്ന പദ്ധതിയാണ് 'ഹോം ഫോർ ഹോംലെസ്". നിർദ്ധനരായവർക്ക് വീട് നിർമ്മിച്ച് നൽകുകയാണ് ലക്ഷ്യം. ഇതുവരെ 364 വീടുകൾ നിർമ്മിച്ചുനൽകി.
മാതാപിതാക്കൾ കുട്ടികളുടെ കഴിവുകളും അഭിരുചികളും കുട്ടിക്കാലത്ത് തന്നെ തിരിച്ചറിയണം. അവരുടെ ടാലന്റിനനുസരിച്ച് വേണം വിദ്യാഭ്യാസത്തെ സഹായിക്കാൻ. നീ ഇതു പഠിച്ചാൽ മതിയെന്ന് മാതാപിതാക്കൾ മക്കളോടു പറയരുത്. ഇതവരെ വിഷാദ രോഗങ്ങളിലേക്കും ഒറ്റപ്പെടലിലേക്കും നയിക്കും.
- ഡോ. എം. എസ്. സുനിൽ