മത്തി പ്രേമികള്‍ക്ക് സന്തോഷിക്കാന്‍ വേറെന്ത് വേണം? സംഭവം ഇങ്ങനെ

Monday 24 November 2025 9:38 PM IST

തിരുവനന്തപുരം: ഭക്ഷണത്തില്‍ മീന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ മുന്നിലാണ് കേരളം. മീന്‍ കറിയും വറുത്ത മീനുമൊക്കെ കൂട്ടിയുള്ള ഊണ് ഒരു വികാരമായി കാണുന്ന മലയാളിക്ക് അതില്‍ തന്നെ പ്രത്യേക ഇഷ്ടമുള്ള മത്സ്യം ഏതെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം മത്തി എന്ന് തന്നെയാണ്. ഇന്ന് മത്തി ദിനമാണ് എന്നതാണ് ഒരു പ്രത്യേകത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മത്തി ദിനം ആഘോഷിക്കുന്നുമുണ്ട്.

മത്തി മുളകിട്ടും, വറ്റിച്ചും, അതുപോലെ തന്നെ വറുത്ത് കോരിയെടുത്തുമൊക്കെയാണ് വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. വെറുതേ പേരിന് വേണ്ടിയല്ല മത്തി ദിനം ആഘോഷിക്കുന്നത് എന്നതാണ് സവിശേഷത. മത്തിയുടെ പോഷക ഗുണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതുണ്ടാക്കിയ സാംസ്‌കാരിക പ്രാധാന്യം എന്നിവയെല്ലാം ഓര്‍ക്കാനുള്ള ഒരു ദിനം എന്ന പേരിലാണ് മത്തിക്ക് വേണ്ടി ഒരു ദിവസം മാറ്റിവച്ചിരിക്കുന്നതിന് പിന്നില്‍.

കാഴ്ചയില്‍ വളരെ ചെറിയ ഒരു മത്സ്യമാണെങ്കിലും ആളത്ര നിസാരക്കാരനല്ല. ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിന്‍ ഡി, അത്യാവശ്യമുള്ള കൊഴുപ്പ് (good fat), കാല്‍ഷ്യം തുടങ്ങിയവയുടെ കമനീയ ശേഖരം കൂടിയാണ് മത്തി. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ ക്യാന്‍സറിനെതിരെ പോരാടാനുള്ള കരുത്ത് പോലും മത്തിക്ക് ഉണ്ടെന്ന് വെളിപ്പെട്ടിരുന്നു. സ്ഥിരമായി മത്തി കഴിക്കുമ്പോള്‍ ലഭിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ്‌സ് മറവി രോഗത്തിന് പോലും സ്ഥിരമായി കഴിക്കുകയാണെങ്കില്‍ ഫലവത്താണെന്നാണ് പറയപ്പെടുന്നത്.

മത്തിയുടെ ഗുണങ്ങള്‍

ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിന്‍ എ, ഡി, ബി 12 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്‌കം, ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്. മത്തി കഴിച്ചാല്‍ നല്ല കൊളസ്‌ട്രോളിന്റെ അളവു കൂടും. മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.