അന്നദാനമെന്ന പേരിൽ പണപ്പിരിവ്: വിശദീകരണം തേടി

Tuesday 25 November 2025 12:37 AM IST

കൊച്ചി: ശബരിമല തീർത്ഥാടകർക്ക് സൗജന്യ അന്നദാനം എന്ന പേരിൽ സ്വകാര്യവ്യക്തി സംഭാവന പിരിക്കുന്നതായുള്ള പരാതിയിൽ ഹൈക്കോടതി വിശദീകരണംതേടി. പമ്പാവാലി സ്വദേശി എ.കെ. വേണുവിൽനിന്നാണ് ദേവസ്വംബെഞ്ച് വിശദീകരണം തേടിയത്. ളാഹയിലെ വഴിയോര ഭക്ഷണ വ്യാപാരികളായ കെ.പി. ശിവനാദൻ അടക്കം നൽകിയ ഹർജിയിലാണ് നടപടി.

പമ്പാവാലിയിൽ അന്നദാനകൗണ്ടർ നടത്തി വൻതോതിൽ പണംപിരിച്ച എതിർകക്ഷി യാതൊരു അനുമതിയും കൂടാതെ ളാഹയിലും കൗണ്ടർ തുറക്കാനുള്ള ശ്രമത്തിലാണെന്ന് ഹർജിക്കാർക്കായി ഹാജരായ അഡ്വ. എം.ജി. ശ്രീജിത്ത് വാദിച്ചു. രസീത് നൽകിയും യു.പി.ഐ വഴിയും നടത്തിപ്പുകാരൻ പണംപിരിക്കുന്നുണ്ട്. ഒരു ട്രസ്റ്റിന്റെ മറവിലാണ് പ്രവർത്തനമെങ്കിലും പണം സ്വന്തം അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും ആരോപിച്ചു. ഇത്തരം അനധികൃത പ്രവർത്തനങ്ങൾ തടയാൻ ബോർഡിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടകരിൽനിന്ന് അന്നദാനത്തിന്റെ പേരിൽ പണം പിരിക്കുന്നുണ്ടെങ്കിൽ തടയേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് എതിർസത്യവാങ്മൂലം സമർപ്പിക്കാൻ വേണുവിനോട് നിർദ്ദേശിച്ചത്. ഹർജി 27ന് വീണ്ടും പരിഗണിക്കും.