 നോർക്ക 'ശുഭയാത്രാ പദ്ധതി':  അപേക്ഷകർ കുറവ്,​ തുക വർദ്ധിപ്പിക്കാൻ സാദ്ധ്യത 

Tuesday 25 November 2025 12:55 AM IST

തിരുവനന്തപുരം:വിദേശത്തേക്ക് തൊഴിൽ തേടി പോകുന്നവർക്കായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന ശുഭയാത്രാ പദ്ധതിക്ക് അപേക്ഷകർ കുറവ്.പദ്ധതി ആരംഭിച്ച് ഏഴു മാസം പിന്നിട്ടിട്ടും 60 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്.രണ്ടു ലക്ഷം രൂപയാണ് വായ്പ.പലിശ ഇളവോട് കൂടി ധനകാര്യ സ്ഥാപനങ്ങൾ മുഖേനയാണ് വായ്പ നൽകുക.എന്നാൽ കുറഞ്ഞ തുകയ്ക്ക് വായ്പാ ഈടു നൽകുന്നതിലെ വിമുഖതയുമാണ് അപേക്ഷകരുടെ എണ്ണം കുറയാൻ കാരണം.അതിനാലാണ് തുക കൂട്ടാൻ ആലോചിക്കുന്നത്.ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാകും.കൂടുതൽ ആളുകളെ പദ്ധതിയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

 അന്വേഷകർ ഏറെ

പദ്ധതി പ്രഖ്യാപനം മുതൽ നിരവധി ആളുകളാണ് വിശദാംശങ്ങൾ തിരക്കിയെത്തിയെങ്കലും വായ്പാ തുക കുറവായതിനാൽ പലരും പിൻവാങ്ങി.വിവരം സർക്കാർ തലത്തിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ഉദ്യോഗസ്ഥർ.സംസ്ഥാന പ്രവാസിക്ഷേമ വികസന സഹകരണ സംഘം,പ്രവാസി സൊസൈറ്റി,​വനിതാ വികസന കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് വായ്പാ വിതരണം.

 ശുഭയാത്രാ പദ്ധതി

രണ്ടു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതാണ് പദ്ധതി.വിദേശരാജ്യങ്ങളിൽ തൊഴിൽ നേടുന്നതിനുള്ള നൈപുണ്യ പരിശീലനത്തിനായി പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി,വിദേശ തൊഴിലിനുള്ള യാത്രാസഹായ പദ്ധതി എന്നീ ഉപപദ്ധതികൾ ചേർന്നതാണിത്.18- 85 നും മദ്ധ്യേ പ്രായമുള്ളവർക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും.വിദേശഭാഷാ പരിശീലനം,വിവിധ പരീക്ഷാ ഫീസുകൾ,മറ്റു റഗുലേറ്ററി പരീക്ഷകൾക്കുള്ള പരിശീലനം,പരിശീലന കാലയളവിലെ ഹോസ്റ്റൽ ഭക്ഷണം,അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്കുള്ള സേവന നിരക്കുകൾ,വീസ സ്റ്റാംപിംഗ് നിരക്കുകൾ,മെഡിക്കൽ പരിശോധന,വിമാന ടിക്കറ്റ് തുടങ്ങിയ ചെലവുകൾക്കാണ് വായ്പ.

 വായ്പാ തുക രണ്ടു ലക്ഷം

 വായ്പാ കാലാവധി പരമാവധി 36 മാസം

 പലിശ ഇളവ് 4 ശതമാനം

 ആദ്യത്തെ 6 മാസത്തെ പലിശ നോർക്ക വഹിക്കും

 അപേക്ഷിക്കാൻ https://norkaroots.net/shubhayathra/