കണ്ണൂരിൽ 14 വാർഡുകളിൽ എൽ ഡി എഫിന് എതിരില്ല, ഭീഷണിപ്പെടുത്തിയെന്ന് യു ഡി എഫ്
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലായി 14 വാർഡുകളിൽ എൽ.ഡി.എഫ്സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. ആന്തൂർ നഗരസഭയിലെ അഞ്ച് വാർഡുകളിലും കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ മൂന്ന് വാർഡുകളിലുമാണ് എൽ.ഡി.എഫിന് എതിരാളികളില്ലാതായത്.
ആന്തൂർ നഗരസഭയിൽ നടന്ന പുനഃപരിശോധനയിൽ കോടല്ലൂർ, തളിയിൽ എന്നിവിടങ്ങളിലെ യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ പത്രികകളാണ് ഇന്നലെ തള്ളിയത്. കഴിഞ്ഞ ദിവസം പുനഃപരിശോധനയ്ക്ക് മാറ്റി വച്ച പത്രികകളിൽ നാമനിർദ്ദേശകരുടെ ഒപ്പ് വ്യാജമാണെന്ന് അവർ തന്നെ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രികകൾ ഒഴിവാക്കിയത്. ഇതോടെ ഇ.സി. രജിത, കെ.വി. പ്രേമരാജൻ എന്നിവർ എതിരില്ലാതെ വിജയിച്ചു. സി.പി.എമ്മുകാർ തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് ആരോപിച്ച അഞ്ചാംപീടികയിലെ യു.ഡി.എഫ്സ്ഥാനാർത്ഥി കെ. ലിവ്യ വരണാധികാരിക്ക് മുമ്പിൽ ഹാജരായി പത്രിക പിൻവലിച്ചു. ഇവിടെ ടി.വി ധന്യ വിജയിച്ചു. നഗരസഭയിലെ രണ്ട് വാർഡുകളിൽ എൽ.ഡി.എഫിനെതിരെ ആരും പത്രിക നല്കിയിരുന്നില്ല. എന്നാൽ തർക്കമുണ്ടായ കോൾമൊട്ട, തളിവയൽ വാർഡുകളിൽ യു.ഡി.എഫ് പത്രികകൾ അംഗീകരിച്ചിട്ടുണ്ട്.
കണ്ണപുരം പഞ്ചായത്തിൽ നടന്ന പുനഃപരിശോധനയിൽ രണ്ട് പത്രികകൾ കൂടി തള്ളിയതോടെയാണ് വിജയികളുടെ എണ്ണം ആറായി ഉയർന്നത്. ഒന്നാം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. രാധാമണിയുടെയും എട്ടാം വാർഡിലെ ബി.ജെ.പി. സ്ഥാനാർത്ഥി എം. ബാബുവിന്റെയും പത്രികകൾ തള്ളി. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഇതോടെ ഉഷ മോഹനൻ, ടി.ഇ. മോഹനൻ എന്നിവർ എതിരാളികളില്ലാതെ വിജയിച്ചു. കഴിഞ്ഞദിവസം പത്താം വാർഡിലെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളുകയും മൂന്നാം വാർഡിലെ സ്ഥാനാർത്ഥി പത്രിക പിൻവലിക്കുകയും ചെയ്തിരുന്നു. 13, 14 വാർഡുകളിൽ എൽ.ഡി.എഫ് അല്ലാതെ മറ്റാരും പത്രിക നല്കിയില്ല. മലപ്പട്ടം പഞ്ചായത്തിൽ അഞ്ച്, ആറ് വാർഡുകളിൽ എൽ.ഡി.എഫ് മാത്രമാണ് പത്രികകൾ നല്കിയിരുന്നത്. കൊവുന്തലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ ഇവിടെയും എതിരാളിയില്ലാതായി. അതേസമയം ഭീഷണിയിലൂടെ ജനാധിപത്യത്തെ സി.പി.എം കശാപ്പു ചെയ്തെന്ന് കോൺഗ്രസ് ആരോപിച്ചു.