ഹരിതചട്ട ലംഘനം: 450 കിലോ ഫ്ലക്സ് പിടികൂടി

Tuesday 25 November 2025 12:09 AM IST
പിടിച്ചെടുത്ത ഫ്ലക്സ്

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ല എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രിന്റിംഗ് മെറ്റിരിയൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി.കെ.സരിത്, ഒ.ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി.ആർ.രജനി, വി.കെ. സുബറാം എന്നിവർ പങ്കെടുത്തു. പരിശോധന തുടരും. ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകി. പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്തുക്കൾ കോർപ്പറേഷന് കൈമാറി. തിരഞ്ഞെടുപ്പിൽ പി.വി.സി ഫ്ലക്സ്, പോളിയസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗുളള തുണി, പ്ലാസ്റ്റിക്, പിവിസി അടങ്ങിയ നിരോധിത വസ്തുക്കൾ എന്നിവ ഉപയോഗിക്കരുതെന്ന് തിരഞ്ഞെുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ സ്ഥാപനങ്ങളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനിച്ചിരുന്നു.