ഗർഭിണിയെ ആറ്റിൽ മുക്കിക്കൊന്ന കാമുകന് വധശിക്ഷ

Tuesday 25 November 2025 12:00 AM IST
പ്രബീഷ്

ആലപ്പുഴ: ഗർഭിണിയെ മർദ്ദിച്ച് ആറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ കാമുകന് വധശിക്ഷ. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതയെ (32) കൊലപ്പെടുത്തിയ കേസിൽ മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനെയാണ് (37) ആലപ്പുഴ അഡിഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജി എം. ഷുഹൈബ് ശിക്ഷിച്ചത്.

കേസിൽ ജാമ്യത്തിലായിരുന്ന രണ്ടാം പ്രതി കൈനകരി തോട്ടുവാത്തല പതിശേരിവീട്ടിൽ രജനി (38) മയക്കുമരുന്ന്‌ കേസിൽ പ്രതിയായി ഒഡീഷ റായഘട്ട് ജയിലിൽ റിമാൻഡിലാണ്. രജനിയെ ആലപ്പുഴയിലെത്തിച്ച്‌ 29ന്‌ ശിക്ഷ വിധിക്കും. 2021 ജൂലായ് 9ന് രാത്രി 9.30നായിരുന്നു കൊലപാതകം.

പ്രബീഷും രജനിയും ഭാര്യാഭർത്താക്കൻമാരെ പോലെ കൈനകരിയിൽ കഴിഞ്ഞുവരികയായിരുന്നു. അതിനിടെ പ്രബീഷ് പാലക്കാടു വച്ച് പരിചയപ്പെട്ട അനിതയുമായി പ്രണയത്തിലായി. അനിത ഗർഭിണിയായതോടെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രബീഷ് തയ്യാറായില്ല. ഗർഭം ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പ്രബീഷും രജനിയും ചേർന്ന്‌ അനിതയെ കൊല്ലാൻ തീരുമാനിച്ചു.

പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലിയുണ്ടായിരുന്ന അനിതയെ ആലപ്പുഴയ്ക്ക് വിളിച്ചുവരുത്തി കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാൻഡിൽ എത്തിച്ച് ഓട്ടോയിൽ കയറ്റി രജനിയുടെ കൈനരിയിലെ വീട്ടിലെത്തിച്ചു. ശേഷം പ്രബീഷ് കഴുത്തിൽ കുത്തിപ്പിടിച്ചും രജനി വായും മൂക്കും അമർത്തിപ്പിടിച്ചും ശ്വാസംമുട്ടിച്ചു. ബോധംപോയ അനിത മരിച്ചെന്ന് കരുതി ഫൈബർ വള്ളത്തിൽ കയറ്റി പ്രതികൾ പൂക്കൈത ആറ്റിൽ താഴ്ത്തുകയായിരുന്നു.

131 രേഖകൾ, 53

തൊണ്ടിമുതൽ

112 സാക്ഷികളുണ്ടായിരുന്ന കേസിൽ 82 പേരെ വിസ്തരിച്ചു. 131 രേഖകളും ഫൈബർ വള്ളമടക്കം 53 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. രണ്ടാംപ്രതി രജനിയുടെ അമ്മ മീനാക്ഷിയും പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി മൊഴി നൽകി. നെടുമുടി സി.ഐയായിരുന്ന എ.വി. ബിജുവാണ്‌ അന്വേഷണം നടത്തിയത്‌. പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി.ശാരിയും അഡ്വ.സിന്ധു കെ.വിശ്വംഭരനും പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി.