@ സ്ഥാനാർത്ഥി ചിത്രമായി വിമതർ വീഴ്ത്തുമോ?
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത ശല്യം പൂർണമായും ഒഴിവാക്കാനാകാത്തത് മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും തലവേദനയായേക്കും. പാർട്ടി, മുന്നണി നേതൃത്വങ്ങളുമായി നടത്തിയ ചർച്ചയിൽ ചിലർ പത്രിക പിൻവലിച്ചെങ്കിലും പലരും മത്സരരംഗത്ത് ഉറച്ചുനിന്നു. കുന്ദമംഗലം ബ്ലോക്ക് കാരശ്ശേരി ഡിവിഷനിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ നിന്ന വിമതന്മാരിൽ 3 പേർ പത്രിക പിൻവലിച്ചെങ്കിലും 2 വിമതർ മത്സരരംഗത്ത് തുടരും. വിഎൻ സുഹൈബാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.
നാദാപുരം പഞ്ചായത്തിൽ സി.പി.ഐയ്ക്ക് അനുവദിച്ച ഒന്നാം വാർഡിൽ സി.പി.എം മത്സരിക്കും. ഇവിടെ സി.പി.എം നേതാവ് വിമതനായി പത്രിക നൽകിയിരുന്നു. ഒടുവിൽ സി.പി.ഐ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ സീറ്റ് സി.പി.എമ്മിലെത്തി. കുന്ദമംഗലം ബ്ലോക്ക് പൂവാട്ടുപ്പറമ്പ് ഡിവിഷനിൽ അനിത അനീഷാണ് വിമത. കോൺഗ്രസ് നേതാവും മുൻ എം.പിയുമായ രമ്യ ഹരിദാസിന്റെ അമ്മ രാധ ഹരിദാസാണ് ഇവിടെ ഔദ്യോഗിക സ്ഥാനാർത്ഥി. കോഴിക്കോട് കോർപ്പറേഷൻ ചാലപ്പുറം ഡിവിഷനിലെയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഊരത്ത് ഡിവിഷനിലെയും യു.ഡി.എഫ് വിമതർ പത്രിക പിൻവലിച്ചിട്ടില്ലെന്നാണ് വിവരം. പെരുവയൽ, മാവൂർ പഞ്ചായത്തുകളിൽ യു.ഡി.എഫിനും ഒളവണ്ണ പഞ്ചായത്തിൽ സി.പി.എമ്മിനും വിമത ഭീഷണിയുണ്ട്.
ഫറോക്കിൽ യു.ഡി.എഫിന് ഭീഷണി
ഫറോക്ക്: ഫറോക്ക് മുനിസിപ്പാലിറ്റിയിൽ രണ്ടിടത്ത് യു.ഡി.എഫിനു വിമത ഭീഷണി. 6,12 ഡിവിഷനുകളിലാണ് വിമതർ മത്സര രംഗത്തുളളത്. നാലിടത്ത് വിമതന്മാരുണ്ടായിരുന്നെങ്കിലും 2 സ്ഥലത്തെ വിമതരുമായി ചർച്ച നടത്തി നേതൃത്വം രമ്യതയിലെത്തി.
നഗരസഭ 6-ാം ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാജി പറശ്ശേരിക്കെതിരെ ലീഗിലെ എ.കെ.റഫീഖാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. കോൺഗ്രസിൽ നിന്ന് ഇവിടെ 6 പേർ പത്രിക നൽകിയിരുന്നു. ഡി.സി.സിയിൽ ഇന്നലെ ഉച്ചവരെ നടന്ന ചർച്ചയ്ക്കൊടുവിലാണ് 5പേർ പത്രിക പിൻവലിച്ചത്. തുടർച്ചയായി കോൺഗ്രസ് മത്സരിക്കുന്ന ഡിവിഷനിൽ ഇക്കുറി ലീഗ് മത്സരിക്കണമെന്ന ആവശ്യം നേതൃത്വം നിരാകരിച്ചതാണ് വിമതന്റെ രംഗപ്രവേശനത്തിനു കാരണം. 2015ലും കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ ഇവിടെ വിമതൻ മത്സരിച്ചിരുന്നു. അന്നു വിജയം യു.ഡി.എഫിനായിരുന്നു. ഒരു വർഷം മുമ്പ് ആർ.ജെ.ഡി വീട്ട് ലീഗിൽ ചേർന്ന നിലവിലെ കൗൺസിലറായ സനൂബിയ നിയാസാണ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് 12-ാം ഡിവിഷനിൽ വിമതയായി മത്സരിക്കുന്നത്. ഇവിടെയും കോൺഗ്രസാണ് മത്സരിക്കുന്നത്. ഒ.പി ദിവ്യ ഗിരീഷാണ് കോൺഗ്രസിനു വേണ്ടി മത്സര രംഗത്തുളളത്.
സി.പി.എം മെമ്പർ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥി
വാണിമേൽ: വാണിമേൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് മെമ്പറായിരുന്ന ശാരദ പൂവുള്ളതിൽ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥിയായി. സ്ഥാനങ്ങൾ രാജിവെച്ചാണ് കരുകുളം പത്താം വാർഡിൽ മത്സരിക്കുന്നത്. ഇതിനായി പാർട്ടി സ്ഥാനങ്ങളും വാർഡ് മെമ്പർ സ്ഥാനവും രാജിവെച്ചു. ഇവിടെ പി.ബി.സൗമ്യയാണ് സി.പി.എം സ്ഥാനാർത്ഥി.
യു.ഡി.എഫിന് നാലിടത്ത് വിമതർ
കുറ്റ്യാടി: പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ഒരു ബ്ലോക്ക് പഞ്ചായത്തിലും നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലും യു. ഡി.എഫിന് വിമതർ. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കുറ്റ്യാടി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തുവിനെതിരെ കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ചാലക്കണ്ടി മനോജനാണ് വിമതനായി രംഗത്തുള്ളത്. വേളം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് മഠത്തിൽ ശ്രീധരനെതിരെ കോൺഗ്രസ് പ്രാദേശിക നേതാവ് പി. കെ ചന്ദ്രനും കുറ്റ്യാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ യു.ഡി എഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ജംസീല കൊയ്യാട്ടുമ്മലിനെതിരെ പൂക്കോട്ട് പൊയിൽ ജുമാന, നരിപ്പറ്റ പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ നാണുവിനെതിരെ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് പി.പി മൊയ്തുവും മത്സരിക്കും. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയ മാമ്പ്ര സക്കീനയാണ് മരുതോങ്കര പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.