സേനയ്ക്ക് കരുത്തായി ഐ.എൻ.എസ് മാഹി,​ കൊച്ചിയിൽ നിർമ്മിച്ച അന്തർവാഹിനി

Tuesday 25 November 2025 12:00 AM IST

മുംബയ്: കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച നാവികസേനയുടെ അന്തർവാഹനിയായ ഐ.എൻ.എസ് മാഹി സേനയുടെ ഭാഗം. ഇന്നലെ മുംബയിലെ നേവൽ ഡോക്‌ യാർഡിലാണ് കപ്പൽ കമ്മിഷൻ ചെയ്തത്. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അദ്ധ്യക്ഷത വഹിച്ചു. വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ-കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ആദ്യമായാണ് ഒരു കരസേനാ മേധാവി ഇന്ത്യൻ നാവിക കപ്പലിന്റെ കമ്മിഷൻ ചടങ്ങിനെത്തുന്നത്.

'ആത്മനിർഭർ ഭാരത്" പദ്ധതിയിലൂടെ പ്രതിരോധത്തിൽ സ്വയംപര്യാപ്തത നേടാനുള്ള ഇന്ത്യൻ ശ്രമത്തിലെ നാഴികക്കല്ലാണിത്. ഇന്ത്യയുടെ തീരദേശ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ രൂപകല്പന ചെയ്ത എട്ട് മാഹിക്ലാസ് അന്തർവാഹിനിവേധ യുദ്ധക്കപ്പലുകളിൽ (എ.എസ്.ഡബ്ലിയു - എസ്.ഡബ്ലിയു.സി) ആദ്യത്തേതാണിത്.

ഐ.എൻ.എസ് മാഹി

 നീളം- മീറ്റർ

 ഭാരം- 1,100 ടൺ

 പരമാവധി വേഗത- 25 നോട്ട്

 ഉയർന്ന ശേഷിയുള്ളതുമായ യുദ്ധക്കപ്പൽ

 പ്രവർത്തനം ഡീസൽ എൻജിൻ, വാട്ടർജെറ്റ് പ്രൊപ്പൽഷൻ സിസ്റ്റം എന്നിവയിൽ

 മൈനുകൾ സ്ഥാപിക്കാനും വെള്ളത്തിൽ നിരീക്ഷണവും തെരച്ചിൽ രക്ഷാ ദൗത്യങ്ങളും നടത്താനാകും

 വെള്ളത്തിലെ ഭീഷണികൾ നേരിടാൻ ഹൾമൗണ്ടഡ് സോണാർ,വേരിയബിൾഡെപ്ത് സോണാർ, ടോർപ്പിഡോ ലോഞ്ചറുകൾ, മൾട്ടിഫംഗ്ഷണൽ ആന്റിസബ്മറൈൻ റോക്കറ്റ് സിസ്റ്റങ്ങൾ തുടങ്ങിയ നൂതന സംവിധാനങ്ങൾ

 ഉറുമി ഔദ്യോഗിക മുദ്ര ചിഹ്നം

മലബാറിലെ പ്രസിദ്ധമായ തീരദേശ പട്ടണമായ മാഹിയുടെ പേരാണ് കപ്പലിനിട്ടത്. കേരളത്തിന്റെ പോരാട്ടവീര്യത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും അടയാളമായ ഉറുമിയാണ് കപ്പലിന്റെ ഔദ്യോഗിക മുദ്ര ചിഹ്നം. തിരമാലകളിൽ നിന്ന് ഉയർന്നുവരുന്ന ഉറുമിയാണുള്ളത്. ചടുലത, കൃത്യത, മാരകമായ ചാരുത എന്നിവയുടെ പ്രതീകമാണിത്. തീരത്ത് വേഗത്തിൽ പ്രവർത്തിക്കാനും നിർണായക ഘട്ടങ്ങളിൽ പ്രഹരിക്കാനുമുള്ള കപ്പലിന്റെ കഴിവിനെ കൂടിയാണ് ഉറുമി സൂചിപ്പിക്കുന്നത്.