സേർച്ച് കമ്മിറ്റിയിൽ തുടരുന്നില്ലെന്ന് പ്രൊഫ.സാബു

Tuesday 25 November 2025 12:02 AM IST

കൊച്ചി: കാലിക്കറ്റ് സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനായി ചാൻസലർ രൂപീകരിച്ച സേർച്ച് കം സെലക്‌ഷൻ കമ്മിറ്റിയിൽ തുടരാൻ താത്പര്യമില്ലെന്ന് സെനറ്റ് പ്രതിനിധിയായ പ്രൊഫ. എ. സാബു ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. അസൗകര്യം ചൂണ്ടിക്കാട്ടി താൻ നേരത്തെ രാജിവച്ചിരുന്നു. എന്നാൽ അത് കണക്കിലെടുക്കാതെ ഗവർണർ വിജ്ഞാപനമിറക്കുകയായിരുന്നുവെന്നും അറിയിച്ചു. ചാൻസലർ രൂപീകരിച്ച സേർച്ച് കമ്മിറ്റിയുടെ നിയമസാധുത ചോദ്യംചെയ്ത് സർക്കാർ നൽകിയ ഹർജിയിലാണ് നടപടി.

ഗവർണറുടെ പ്രതിനിധിയായ ഡോ. എലുവത്തിങ്കൽ ഡി. ജെമ്മിസിന്റെ യോഗ്യതയും സർക്കാർ ചോദ്യംചെയ്തിരുന്നു. ഹർജി കഴിഞ്ഞതവണ പരിഗണിച്ചപ്പോൾ ജെമ്മിസിനെ മാറ്റി സേർച്ച് കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി ചാൻസലർ കോടതിയെ അറിയിച്ചിരുന്നു. പ്രൊഫ. ജി.യു. കുൽക്കർണിയെ പകരം ഉൾപ്പെടുത്തിയെന്നാണ് അറിയിച്ചത്. വിഷയം ഹൈക്കോടതി വീണ്ടും 26ന് പരിഗണിക്കും.