കയറ്റുമതി വിപണി വൈവിദ്ധ്യവൽക്കരിച്ച് ഇന്ത്യ

Tuesday 25 November 2025 12:05 AM IST

കൊച്ചി: അമേരിക്കയിലെ ഉയർന്ന തീരുവയുടെ പ്രത്യാഘാതം മറികടക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർ വിപണി വൈവിദ്ധ്യവൽക്കരിക്കുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം ഇറക്കുമതി തീരുവ മറികടക്കാനാണ് ശ്രമം. ഡോളറിനെതിരെ രൂപയുടെ മൂല്യം 90ന് അടുത്തേക്ക് താഴ്ന്നതാേടെ രാജ്യാന്തര വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മത്സരക്ഷമത ഉയർന്നു. ചൈന, യു.എ.ഇ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്ക് വിപണി വികസിപ്പിക്കാൻ കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് കഴിഞ്ഞെന്ന് എസ്.ബി.ഐ റിസർച്ചിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 13 ശതമാനം ഉയർന്ന് 4,500 കോടി ഡോളറിലാണ്. ഇറക്കുമതി തീരുവ 50 ശതമാനത്തിലേക്ക് ഉയർത്തിയതോടെ അമേരിക്കയിലേക്കുള്ള കയറ്റുമതി കുറയുകയാണ്. സമുദ്രോത്പന്നങ്ങൾ, ജെം ആൻഡ് ജുവലറി, ടെക്‌സ്‌റ്റൈയിൽ തുടങ്ങിയ മേഖലകളാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്.

വിപണി വികസിപ്പിക്കുന്നതിനായി കയറ്റുമതിക്കാർക്കായി കേന്ദ്ര സർക്കാർ 45,060 കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ചൈനയിലേക്കുള്ള കയറ്റുമതി 25 ശതമാനം വർദ്ധിച്ച് 1003 കോടി ഡോളറിലെത്തി.

അമേരിക്കൻ ആശ്രയത്വം കുറയ്ക്കുന്നു

അമേരിക്കൻ വിപണിയിലെ ആശ്രയത്വം കുറച്ച് പുതിയ മേഖലകളിലേക്ക് സമുദ്രോത്പന്ന കയറ്റുമതിക്കാർ നീങ്ങുകയാണ്. വിയറ്റ്നാം, ബെൽജിയം, ചൈന, റഷ്യ എന്നിവിടങ്ങളിലാണ് ഇന്ത്യൻ കൊഞ്ചിന് പ്രിയമേറുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ കൊഞ്ച് കയറ്റുമതി 18 ശതമാനം ഉയർന്ന് 243 കോടി ഡോളറായി.