ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൊമേഴ്സ് ലക്ഷ്യയ്ക്ക് അഭിമാന നേട്ടം
കൊച്ചി: കൊമേഴ്സ് വിദ്യാഭ്യാസ രംഗത്തെ മുൻനിരക്കാരായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോമേഴ്സ് ലക്ഷ്യ വീണ്ടും സുവർണ നേട്ടം കൈവരിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സി.എ. ഇന്റർമീഡിയറ്റ് പരീക്ഷയിലെ അഖിലേന്ത്യാ റാങ്കുകളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൊമേഴ്സ് ലക്ഷ്യയിലെ വിദ്യാർത്ഥിയായ 19 വയസുകാരിയായ ആഞ്ചലീന വിക്ടർ അഭിമാന നേട്ടമാണ് കൈവരിച്ചത്. അഖിലേന്ത്യ തലത്തിൽ 22-ാമതും കേരളത്തിൽ ഒന്നാം റാങ്കുമാണ് ആഞ്ചലീന നേടിയത്. ലക്ഷ്യയുടെ കൊച്ചി, വൈറ്റില കാമ്പസിലെ വിദ്യാർത്ഥിനിയാണ്. എറണാകുളം കാക്കനാട് പരേതനായ വിക്ടർ ജേക്കബ്, ട്വിങ്കിൾ വിക്ടർ (അദ്ധ്യാപിക, രാജഗിരി പബ്ലിക് സ്കൂൾ) എന്നിവരാണ് മാതാപിതാക്കൾ. തികഞ്ഞ ആത്മ സമർപ്പണത്തിലൂടെ സി.എ. ഫൗണ്ടേഷനും ഇന്റർമീഡിയേറ്റും ആദ്യ ശ്രമത്തിൽ ആഞ്ചലീനയ്ക്ക് മറികടക്കാനായത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ലക്ഷ്യ നൽകിയ കൃത്യമായ മാർഗനിർദേശങ്ങളിലൂടെയാണ്. ആഞ്ചലീനയുടെ മികവിനെ ആദരിക്കുന്നതിനായി വൈറ്റില കാമ്പസിൽ നടത്തിയ ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൊമേഴ്സ് ലക്ഷ്യയുടെ അക്കാഡമിക് വൈസ് പ്രസിഡന്റ് അവിനാശ് കുളൂർ, ജനറൽ മാനേജർ സെൻട്രൽ കേരള നയന മാത്യു എന്നിവർ ചേർന്ന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകി.