ശക്തമായി തിരിച്ചുകയറി രൂപ
ഡോളറിനെതിരെ ഇന്നലെ 17 പൈസയുടെ നേട്ടം
കൊച്ചി: വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഓഹരി വിപണിയിലെ തകർച്ചയും സൃഷ്‌ടിച്ച പ്രതികൂല സാഹചര്യം മറികടന്ന് ഇന്ത്യൻ രൂപ ഇന്നലെ ശക്തമായി തിരിച്ചുകയറി. വെള്ളിയാഴ്ച രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 89.63ലേക്ക് മൂക്കുകുത്തിയിരുന്നു. രൂപയ്ക്ക് പിന്തുണ നൽകാനായി പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് ഡോളർ വലിയ തോതിൽ വിപണിയിൽ വിറ്റഴിച്ചതാണ് ഗുണമായത്. ഇതോടെ ഡോളറിനെതിരെ രൂപ 17 പൈസയുടെ നേട്ടവുമായി 89.23ൽ വ്യാപാരം പൂർത്തിയാക്കി.
അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ കുറയ്ക്കാൻ മടിക്കുന്നതാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാക്കുന്നത്. ഇതോടൊപ്പം ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര കരാർ വൈകുന്നതും രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കി.
റിസർവ് ബാങ്ക് ഇടപെടൽ ഉണ്ടായില്ലെങ്കിൽ നടപ്പുവാരം രൂപയുടെ മൂല്യം 90 കടക്കാൻ ഇടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.