സതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരി 8 മുതൽ

Tuesday 25 November 2025 12:10 AM IST

കോഴിക്കോട്: സതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരി 8 മുതൽ 10 വരെ കോഴിക്കോട് നടക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഇന്ത്യൻ ഡെയറി അസോസിയേഷൻ, മിൽമ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി, ക്ഷീരവികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. മിൽമയാണ് മുഖ്യ സ്‌പോൺസർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നയരൂപകർത്താക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ, സംരംഭകർ എന്നിവർ പങ്കെടുക്കും, ജനുവരി 9ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്ര തുടങ്ങി അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ക്ഷീര വകുപ്പ് മന്ത്രിമാർ സംബന്ധിക്കും. മിൽമ, ഡോഡ്‌ല ഡെയറി, ഹെറിറ്റേജ് ഫുഡ്‌സ്, ക്രീംലൈൻ ഡെയറി പ്രൊഡക്ട്സ്, മിൽക്കി മിസ്റ്റ് ഡെയറി ഫുഡ്, കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്), ആവിൻ, സംഘം ഡെയറി തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രധാന ഡെയറി കമ്പനികളും ഫുഡ് മാനുഫാക്‌ചേഴ്‌സും കോൺക്ലേവിൽ പങ്കാളികളാവും. 150 സ്റ്റാളുകളോടെയുള്ള വിപുലമായ പ്രദർശനവുമുണ്ടാകും. ഫുഡ് കോൺക്ലേവിന്റെ ലോഗോ പ്രകാശനം മിൽമ ചെയർമാൻ കെ.എസ്.മണി, ഐ.ഡി.എ. കേരള ചാപ്റ്റർ ചെയർമാൻ എസ്.എൻ. രാജകുമാർ, മുൻ ഐ.ഡി.എ ചെയർമാൻ ഡോ.പി.ഐ ഗീവർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു. വാർത്താസമ്മേളനത്തിൽ കെ.എസ്. മണി, ഡോ. എസ്.എൻ. രാജകുമാർ, കെ.സി. ജെയിംസ്, ഡോ. പി.ഐ.ഗീവർഗീസ്, ഐ.എസ്. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.