ജാതി,മത,ഭേദ ചിന്തകൾക്ക് സ്ഥാനമില്ല: സ്വാമി സച്ചിദാനന്ദ
കോയമ്പത്തൂർ: ലോകം മനുഷ്യത്വത്തിൽ അധിഷ്ഠിതമായ ഒരു തത്വ ദർശനത്തെ ഇന്ന് കാംക്ഷിച്ചിരിക്കുകയാണെന്നും ലോകത്തിനുമുന്നിൽ സുര്യനെ പോലെ പ്രകാശിക്കുന്ന തത്വ ദർശനമാണ് ഗുരുദേവന്റേതെന്നും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
കോയമ്പത്തൂർ ശ്രീനാരായണമിഷന്റെയും ശ്രീനാരായണ എഡ്യൂക്കേഷൻ സൊസൈറ്റിയുടെയും നേതൃത്വത്തിൽ മിഷൻ പ്രാർത്ഥനാഹാളിൽ നടന്ന ശ്രീനാരായണഗുരുദേവന്റെ മഹാപരിനിർവ്വാണശതാബ്‌ദി ആചരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി.
ജാതി,മതം,ദേശം തുടങ്ങി എല്ലാവിധഭേദചിന്തകൾക്കും അതീതമായി ലോകത്തെ ഒന്നായി കണ്ടുകൊണ്ടുള്ളതാണ് ഗുരുദേവന്റെ തത്വദർശനം. അതുകൊണ്ടാണ് സമീപ കാലത്ത് ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ മാർപ്പാപ്പയുടെ ആശീർവാദത്തോടെ വത്തിക്കാനിലും തുടർന്ന് ലണ്ടനിലും ദുബായിലും ബഹ്‌റൈനിലും സമ്മേളനങ്ങൾ നടന്നത്. അതുപോലെ ഓസ്‌ട്രേലിയൻ ഗവണ്മെന്റ് ഗുരുവിന്റെ ഏകലോക ദർശനത്തെ അംഗീകരിച്ചുകൊണ്ടാണ് പാർലെമെന്റിൽ വച്ച് സമ്മേളനം നടത്തിയത്. ലോകസമാധാനത്തിന് വേണ്ടി ശിവഗിരി മഠം ചെയ്യുന്ന സേവനങ്ങളെ ആദരിച്ചുകൊണ്ട് ഓസ്‌ട്രേലിയൻ പാർലമെന്റ് ഗ്ലോബൽ ഹാർമണി അവാർഡ് ശിവഗിരി മഠത്തിന് നൽകി . ഗുരുദേവചിത്രം ആലേഖനം ചെയ്ത സ്മാരക സ്റ്റാമ്പ് പ്രകാശനം ചെയ്തതും ഗുരുദർശനത്തിന്റെ അനന്തമേഖലകളെ അംഗീകരിച്ചുകൊണ്ടുള്ളതാണ് .
എല്ലാവരും ഒരേ ഒരു പരംപൊരുളിന്റെ അംശം ആകുമ്പോൾ അവിടെ ജാതിക്കും മതത്തിനും ഭേദ ചിന്തകൾക്കും യാതൊരു സ്ഥാനവുമില്ല. ഈ തത്വദർശനം ലോകമൊട്ടാകെ എത്തിക്കാൻ ഭാരതത്തിന് അകത്തും പുറത്തുമായി നടത്തപ്പെടുന്ന മഹാസമ്മേളനങ്ങൾ സഹായകമാകുമെന്നാണ് ശിവഗിരി മഠം പ്രത്യാശിക്കുന്നത്.
മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ്ബ് മുഖ്യാതിഥിയായിരുന്നു. റിട്ട. ഡി.എം.ഒ ഡോ.എം.എം.ബഷീർ, വി.കെ.മുഹമ്മദ്, കോയമ്പത്തൂർ ശ്രീനാരായണ മിഷൻ പ്രസിഡന്റ് എൻ.മോഹനൻ, ജനറൽ സെക്രട്ടറി കെ.വേലായുധൻ, ട്രഷറർ ജി.സുജീത്ത്, ശ്രീനാരായണഗുരു എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പി.ചാത്തുക്കുട്ടി, സെക്രട്ടറി പി.ശ്രീഹരി, ട്രഷറർ പി.വി.സജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.മഹാപരിനിർവ്വാണ ശതാബ്ദി ആചരണത്തിന്റെ രണ്ടാമത് സമ്മേളനം ഡിസംബർ 3ന് മംഗലാപുരത്ത് നടക്കും. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ശിവഗിരി മഠത്തിലെ സന്യസിവര്യന്മാരും കർണ്ണാടകത്തിലെ മത സാംസ്കാരിക രാഷ്ട്രീയ നായകന്മാരും പങ്കെടുക്കും. ശിവഗിരി മഠവും കർണാടക വിശ്വവിദ്യാലയ യൂണിവേഴ്സിറ്റി ശ്രീനാരായണ അദ്ധ്യായനപീഠവും സംയുക്തമായാണ് സമ്മേളനം സംഘടിപിപ്പിക്കുന്നത്. ഫോട്ടോ:കോയമ്പത്തൂരിൽ നടന്ന ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവ്വാണ ശതാബ്ദി ആചരണസമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു.