വീട് നിർമ്മാണം: 2500 സ്ക്വയർ ഫീറ്റു വരെ സെസ് ഒഴിവാക്കി  ഇളവ് പുതിയ ലേബർ കോഡിൽ

Tuesday 25 November 2025 12:19 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 2500 സ്ക്വയർ ഫീറ്റ് വരെയും നിർമ്മാണച്ചെലവ് 50 ലക്ഷത്തിനുള്ളിൽ വരുന്നതുമായ വീടുകളുടെ നിർമ്മാണങ്ങൾക്ക് ഇനി ലേബർ സെസ് നൽകേണ്ട. അതേസമയം, അധികം വരുന്ന നിർമ്മാണ ചെലവിന്റേയോ തറ വിസ്തീർണത്തിന്റേയോ ഒരു ശതമാനം വീതം സെസ് നൽകണം.

നിലവിൽ 10 ലക്ഷം രൂപയിലധികം നിർമ്മാണച്ചെലവോ 100 ചതുരശ്ര മീറ്ററിൽ

(1077ചതുരശ്രയടി) കൂടുതൽ വലിപ്പമോ ഉള്ള വീട് നിർമ്മാണത്തിനായിരുന്നു ഒരു ശതമാനം സെസ് ചുമത്തിയിരുന്നത്. ഈ മാസം 21നു ശേഷം നിർമ്മാണ പെർമിറ്റ് എടുത്തവർക്കാണ് പുതിയ വ്യവസ്ഥ ബാധകം. കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡ് പ്രകാരം 50 ലക്ഷം രൂപവരെയുള്ള കെട്ടിട നിർമ്മാണങ്ങൾക്ക് സെസ് ഒഴിവാക്കിയതോടെയാണിത്. എല്ലാ സംസ്ഥാനങ്ങളിലും ഇത് പ്രാബല്യത്തിലായി.

അതേസമയം, വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കും എത്ര തുക ചെലവഴിച്ചാലും അതിന് ഒരു ശതമാനം സെസ് അടയ്ക്കണമെന്ന വ്യവസ്ഥ തുടരും. സെസ് ഈടാക്കുന്നതിനുള്ള പരിധി കുറയ്ക്കാൻ ലേബർ കോഡ‌ിൽ സംസ്ഥാന സർക്കാരുകൾക്ക് അനുമതിയില്ല.

നഷ്ടം ക്ഷേമനിധി

ബോർഡിന്

സെസ് ഈടാക്കാനുള്ള വീടുകളുടെ നിർമ്മാണച്ചെലവിന്റെ പരിധി ഉയർത്തിയതു തൊഴിൽ വകുപ്പിന് കീഴിലുള്ള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന് തിരിച്ചടിയാണ്. 10,000- 50,000 രൂപ വരെ നഷ്ടമാകും. ബോർഡിന് ലഭിക്കുന്ന സെസിൽ 70 ശതമാനവും വീടുകളിൽ നിന്നാണ്. ഈ തുക തൊഴിലാളികൾക്ക് പെൻഷൻ നൽകാനാണ് നീക്കിവയ്ക്കുന്നത്. 1600 രൂപയുടെ പ്രതിമാസ പെൻഷൻ 17 മാസമായി മുടങ്ങിയിരിക്കുകയാണ്. തദ്ദേശ വകുപ്പാണ് സെസ് പിരിച്ച് ബോർഡിന് കൈമാറുന്നത്. 2024 ഏപ്രിൽ മുതൽ കെട്ടിടനമ്പർ ലഭിക്കാൻ സെസ് നിർബന്ധമാക്കിയിരുന്നു.