ശബരിമല സമ്പൂർണ നിരീക്ഷണത്തി​ൽ, കണ്ണി​മ ചി​മ്മാതെ ക്യാമറകൾ

Tuesday 25 November 2025 12:19 AM IST
സന്നിധാനത്തെ സി.സി.ടി.വി നിരീക്ഷണ കേന്ദ്രം

ശബരിമല : മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത് അതീവ സുരക്ഷാ സന്നാഹങ്ങൾ. തീർത്ഥാടകരുടെ സുരക്ഷിതമായ യാത്രയും ദർശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സന്നിധാനവും പരിസര പ്രദേശങ്ങളും 24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിലാണ്. ഇതിനായി പൊലീസും ദേവസ്വം ബോർഡും സംയുക്തമായി 450 ഓളം സി സി ടി.വി. ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ പ്രത്യേകം സജ്ജീകരിച്ച കൺ​ട്രോൾ റൂമുകൾ മുഖേനയാണ് നിരീക്ഷണ സംവിധാനം ഏകോപിപ്പിക്കുന്നത്. 24 മണിക്കൂറും കണ്ണിമവെട്ടാതെ ശബരിമലയുടെ മുക്കും മൂലയും ഈ കൺ​ട്രോൾ റൂമുകളിൽ നിരീക്ഷിക്കപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സംഭവങ്ങളോ തിരക്ക് വർദ്ധിക്കുന്ന സാഹചര്യങ്ങളോ ഉണ്ടായാൽ ഉടനടി നടപടിയെടുക്കാൻ ഈ സംവിധാനം ഏറെ സഹായകരമാണ്.

450 ക്യാമറകൾ

പൊലീസ് സംവിധാനത്തിന്റെ ഭാഗമായി ചാലക്കയം മുതൽ പാണ്ടിത്താവളം വരെ പ്രധാന ഇടങ്ങളെല്ലാം ഉൾക്കൊള്ളുന്ന വിധത്തിൽ 90 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. തീർത്ഥാടന പാതയിലും പ്രധാന വിശ്രമ കേന്ദ്രങ്ങളിലുമായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേവസ്വം ബോർഡ് 345 ക്യാമറകൾ ക്രമീകരിച്ചിരിക്കുന്നു. മരക്കൂട്ടം, നടപ്പന്തൽ, സോപാനം, ഫ്ളൈ ഓവർ, മാളികപ്പുറം, പാണ്ടിത്താവളം ഉൾപ്പെടെയുള്ള പരമാവധിയിടങ്ങൾ നിരീക്ഷണ പിരിധിയിൽ കൊണ്ടുവരും വിധമാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.

പൊലീസും ബോർഡും സഹകരിച്ച് വിവരങ്ങൾ പങ്കുവയ്ക്കുകയും സംയുക്തമായി പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ പഴുതടച്ച സുരക്ഷാ നിരീക്ഷണമാണ് സാദ്ധ്യമാക്കുന്നത്. ഈ സംവിധാനം വഴി തിരക്ക് നിയന്ത്രിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും ആവശ്യമെങ്കിൽ പെട്ടെന്നുള്ള രക്ഷാപ്രവർത്തനങ്ങൾക്കും അധികൃതർക്ക് സാധിക്കും.