വ്യാജ റേഷൻ കാ‌‌‌ർഡ് :  മുഖ്യപ്രതി കാണാമറയത്ത്

Tuesday 25 November 2025 12:21 AM IST

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പിന്റെ ഓൺലൈൻ സംവിധാനമായ റേഷൻ കാർഡ് മാനേജിംഗ് സിസ്റ്റത്തിൽ (ആർ.സി.എം.എസ്) കടന്നുകയറി വ്യാജ മുൻഗണനാ കാർഡുകൾ നിർമ്മിച്ച് വിതരണം ചെയ്ത കേസിലെ മുഖ്യ പ്രതിയുൾപ്പെടെയുള്ളവരെ കണ്ടെത്താനാകാതെ പൊലീസ്. സർക്കാർ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്ന സംശയമുള്ളതിനാൽ വ്യക്തമായ തെളിവുകളോടെ പ്രതികളെ പൂട്ടാൻ ഐ.ടി വിദഗ്ധരുടെ സഹായം വഞ്ചിയൂർ പൊലീസ് തേടി.

തിരുവനന്തപുരം സിറ്റി റേഷനിംഗ് ഓഫിസിലെ (സൗത്ത്) ക്ലാർക്കിന്റെയും റേഷനിംഗ് ഇൻസ്‌പെക്ടറുടെയും ലോഗിൻ ഐഡിയും പാസ്‌വേഡും ചോർത്തിയെടുത്താണ് അപേക്ഷകൾക്ക് അനുമതി നൽകി വ്യാജ റേഷൻ കാ‌ർഡുകൾ നിർമ്മിച്ചത്. സിറ്റി റേഷനിംഗ് ഓഫിസറുടെ പരാതിയിലാണ് അന്വേഷണം . നൂറ്റിയൻപതോളം വ്യാജ മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകളാണ് നിർമ്മിച്ചത്.

നീല, വെള്ള കാർഡുകാരിൽ പിങ്ക് കാർഡ് ആവശ്യമായവരെ കണ്ടെത്തി സംഘടിപ്പിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു പണം വാങ്ങിയതിന് ബീമാപള്ളിയിലെ റേഷൻ ലൈസൻസി സഹദ് ഖാനെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓൺലൈനിൽ കാർഡിന്റെ നടപടികൾ നടത്തിയിരുന്ന പ്രതി ആരെന്നു തനിക്കറിയില്ലെന്നാണു പ്രതി പൊലീസിനോടു പറഞ്ഞത്. അനധികൃതമായി കാർഡ് ലഭിച്ചവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു വരുകയാണ്. മുഖ്യപ്രതിയെ അറിയില്ലെന്ന വിവരമാണ് ലഭിച്ചത്. സഹദ്ഖാനുമായി പണമിടപാട് നടത്തിയവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മേയ് മുതൽ നടന്ന തട്ടിപ്പ് വകുപ്പ് അറിഞ്ഞത് സെപ്തംബർ പകുതിയോടെയും പരാതി നൽകിയത് ഒക്ടോബർ 21നുമായിരുന്നു.

തട്ടിപ്പ് രണ്ട്

ഘട്ടമായി 1പിങ്ക് നിറത്തിലുള്ള മുൻഗണനാ കാർഡ് ഉടമകളുടെ പേരിനൊപ്പം മുൻഗണനേതര വിഭാഗത്തിലെ വെള്ള, നീല കാർഡുകാരിൽ നിന്നു പുതിയ അംഗങ്ങളെ ചേർക്കാൻ വ്യാജ അപേക്ഷകൾ നൽകും

2 ഇങ്ങനെ കാർഡിൽ പേരു ചേർത്ത ശേഷം പുതുതായി ചേർത്തവർക്കു പ്രത്യേക മുൻഗണനാ കാർഡിനായി വീണ്ടും അപേക്ഷ നൽകും.