ബോർഡുകൾ നീക്കം ചെയ്യണം
കൊല്ലം: തദ്ദേശതിരഞ്ഞെടുപ്പ് പെരുമാറ്റചട്ടപ്രകാരവും ഹൈക്കോടതി നിർദേശമനുസരിച്ചും ജില്ലയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ഹോർഡിംഗുകളും നീക്കം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ.ദേവിദാസ്. 14 പരാതികളിൽ അടിയന്തര നടപടിക്ക് നിർദേശിച്ചു. ചട്ടവിരുദ്ധമായ സ്ഥാപിച്ചവ നീക്കം ചെയ്യാൻ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിനെ ചുമതലപ്പെടുത്തി. നടപടി പൂർത്തിയാക്കി പരാതിക്കാർക്ക് മറുപടി നൽകണമെന്നും നിർദേശിച്ചു. സമിതി കൺവീനറായ പഞ്ചായത്ത് ജോ. ഡയറക്ടർ എസ്.സുബോധ്, അംഗങ്ങളായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബി.ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാർ, റൂറൽ ഡിവൈ.എസ്.പി രവി സന്തോഷ്, ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.