മാരകം, മാർക്കോ ആക്രമണം !
ഗോഹട്ടി ടെസ്റ്റിൽ 288 റൺസ് ലീഡ് നേടിയിട്ടും ഇന്ത്യയെ ഫോളോ ഓണിന് അയയ്ക്കാതെ ദക്ഷിണാഫ്രിക്കയുടെ ദയവ്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ ദയനീയ തോൽവിയിലേക്ക്
ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 201 റൺസിന് ആൾഔട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് 288 റൺസ് ലീഡ്
ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയെ മാരകമായി ആക്രമിച്ച് മാർക്കോ യാൻസൺ
ഗോഹട്ടി : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ കനത്ത തോൽവിയിലേക്ക് നീങ്ങുന്നു. ആദ്യ ഇന്നിംഗ്സിൽ 489 റൺസ് അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 201 റൺസിൽ അവസാനിപ്പിച്ചു. ഒന്നരപ്പതിറ്റാണ്ടിന് ശേഷം ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ ഫോളോ ഓൺ ചെയ്യിക്കാൻ അവസരമുണ്ടായിട്ടും വേണ്ടെന്ന് ദയവുകാട്ടിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിനിറങ്ങി മൂന്നാം ദിനം കളി നിറുത്തുമ്പോൾ വിക്കറ്റ് നഷ്‌ടം കൂടാതെ 26 റൺസിലെത്തിയിട്ടുണ്ട്.ഇപ്പോൾ 314 റൺസ് മുന്നിലാണ് സന്ദർശകർ.
കഴിഞ്ഞദിവസം ബാറ്റിംഗിൽ 93 റൺസുമായി തിളങ്ങിയ മാർക്കോ യാൻസൻ ഇന്നലെ പന്തെടുത്തപ്പോഴും ഇന്ത്യയ്ക്ക് പണിതന്നു.48 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ യാൻസനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സൈമൺ ഹാർമറും ചേർന്നാണ് ഇന്ത്യയെ 201ലൊതുക്കിയത്. 58 റൺസ് നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
ഒരുഘട്ടത്തിൽ 122/7 എന്ന നിലയിലായിരുന്ന ഇന്ത്യയെ 200 കടത്തിവിട്ടത് എട്ടാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദറും(48) കുൽദീപ് യാദവും (19) കൂട്ടിച്ചേർത്ത 72 റൺസാണ്.
ഇന്നലെ രാവിലെ വിക്കറ്റ് നഷ്‌ടം കൂടാതെ ഒൻപത് റൺസ് എന്ന നിലയിലാണ് കെ.എ രാഹുലും യശസ്വിയും ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. 22-ാം ഓവറിൽ ടീം സ്കോർ 65ലെത്തിയപ്പോൾ രാഹുലിനെ(22) സ്ളിപ്പിൽ മാർക്രത്തിന്റെ കയ്യിലെത്തിച്ച് കേശവ് മഹാരാജ് നൽകിയത് വരാനിരിക്കുന്ന തകർച്ചയുടെ സൂചനയായിരുന്നു. സായ് സുദർശനെ(15)കൂട്ടി മുന്നോട്ടുനീങ്ങിയ യശസ്വിയെ അർദ്ധസെഞ്ച്വറി കടന്നയുടൻ യാൻസന്റെ കയ്യിലെത്തിച്ച് ഹാർമർ അടുത്ത അടി നൽകി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. 27 റൺസ്കൂടി നേടുന്നതിനിടെ അഞ്ചുവിക്കറ്റുകൾകൂടി ചിതറിത്തെറിച്ചു. സായ്‌യെ ഹാർമർ വീഴ്ത്തിയപ്പോൾ ധ്രുവ് ജുറേൽ(0), റിഷഭ് പന്ത് (7), നിതീഷ് കുമാർ (10),രവീന്ദ്ര ജഡേജ(6) എന്നിവരെ പുറത്താക്കിയത് യാൻസണാണ്.
ആദ്യ സെഷനുശേഷം 122/7 എന്ന സ്കോറിൽ ക്രീസിൽ ഒരുമിച്ച വാഷിംഗ്ടൺ സുന്ദറും കുൽദീപും ചേർന്ന് രണ്ടാം സെഷൻ മുഴുവൻ പിടിച്ചുനിന്നു. എന്നാൽ ഹാർമർ സുന്ദറിനെ മാർക്രമിന്റെ കയ്യിലെത്തിച്ചതോടെ പ്രതിരോധം തകർന്നു. കുൽദീപിനെയും ബുംറയേയും (5) കൂടി പുറത്താക്കി യാൻസൺ ആറുവിക്കറ്റ് തികച്ച് ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടു.
രണ്ടാം ഇന്നിംഗ്സിനങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി 13 റൺസെടുത്ത റയാൻ റിക്കിൾട്ടണും 12 റൺസെടുത്ത എയ്ഡൻ മാർക്രമുമാണ് കളിനിറുത്തുമ്പോൾ ക്രീസിൽ.