ഗോളടിച്ച് കളറാക്കി കാലിക്കറ്റ്

Monday 24 November 2025 11:44 PM IST

സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ മലപ്പുറത്തെ 3-1ന് തോൽപ്പിച്ച് കാലിക്കറ്റ് എഫ്.സി

കോഴിക്കോട് : ആർത്തിരമ്പിയ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ കാണികളെ ആവേശത്തിലാഴ്ത്തി സൂപ്പർ ലീഗ് കേരള ഫുട്ബാൾ മത്സരത്തിൽ മലപ്പുറം എഫ്.സിയെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തോൽപ്പിച്ച് കാലിക്കറ്റ് എഫ്.സി. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് സെമിഫൈനലിലേക്കുള്ള ചുവടുകൾ ഉറപ്പിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന കാലിക്കറ്റിനെ രണ്ടാം പകുതിയിൽ മലപ്പുറം സമനിലയിൽ പിടിച്ചെങ്കിലും കളിതീരാൻ അഞ്ചുമിനിട്ടിൽ താഴെയുള്ളപ്പോൾ മുഹമ്മദ് അസ്‌ലമും ബൊവാസോയും നേ‌ടിയ ഗോളുകൾക്ക് ആതിഥേയർ വിജയം ആഘോഷിക്കുകയായിരുന്നു. 12-ാം മിനിട്ടിൽ പെരേരയിലൂടെയാണ് കാലിക്കറ്റ് സ്കോറിംഗ് തുടങ്ങിയത്.80-ാം മിനിട്ടിൽ അയ്തോർ അൽദലൂരിലൂടെ മലപ്പുറം സമനില പിടിച്ചു. 85-ാം മിനിട്ടിലാണ് അസ്‌ലം വീണ്ടും കാലിക്കറ്റിനെ മുന്നിലെത്തിച്ചു. ഇൻജുറി ടൈമിലായിരുന്നു ബൊവാസോയുടെ ഗോൾ.

34123 പേരാണ് ഇന്നലെ കളി കാണാനെത്തിയത്.