33 കോടി രൂപ ലോട്ടറിയടിച്ചു, കോടീശ്വരനായപ്പോള്‍ ഭാര്യയെ ഉപേക്ഷിച്ചു; ആഡംബര ജീവിതത്തിനൊടുവില്‍

Monday 24 November 2025 11:55 PM IST

ഭീമമായ സമ്മാനത്തുകയാണ് പലരേയും ലോട്ടറിയിലേക്ക് ആകര്‍ഷിക്കുന്നത്. ചെറിയ ഒരു സമ്മാനമെങ്കിലും കിട്ടുമെന്ന് പ്രതീക്ഷയാണ് പലരും ലോട്ടറിയെടുക്കുന്നതിന് പിന്നിലെ കാരണം. നമ്മുടെ നാട്ടിലെ പോലെ തന്നെ പല രാജ്യങ്ങളിലും ലോട്ടറി പതിവായി എടുക്കുന്നവരുണ്ട്. ബമ്പര്‍ ലോട്ടറികളോട് ആളുകള്‍ക്ക് താത്പര്യം കൂടുന്നതിന് പിന്നിലെ കാരണം ഒറ്റ ദിവസം കൊണ്ട് ജീവിതം തന്നെ മാറിമറിയും എന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ സമ്മാനത്തുക കിട്ടുന്ന ഓണം ബമ്പറിനോട് ആളുകള്‍ക്കുള്ള താത്പര്യം കൂടുന്നതിന് പിന്നിലെ കാരണവും മറ്റൊന്നല്ല.

ലോട്ടറി എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം കിട്ടിയാല്‍ അതുകൊണ്ട് എന്തൊക്കെ ചെയ്യാം എന്ന് വരെ നമ്മളെല്ലാം പ്ലാന്‍ ചെയ്യാറുണ്ട്. ഇപ്പോഴിതായ 33 കോടി രൂപ ലോട്ടറിയടിച്ച ഒരാളുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളാണ് ചര്‍ച്ചാ വിഷയം. 33.8 കോടി ഇന്ത്യന്‍ രൂപയാണ് ലോട്ടറിയായി കിട്ടിയത്. സംഭവം കേരളത്തിലോ ഇന്ത്യയിലോ അല്ല അങ്ങ് ജപ്പാനിലാണ്. 61കാരനായ ഒരാള്‍ക്കാണ് ലോട്ടറി ടിക്കറ്റിലെ സമ്മാനം വഴി വമ്പന്‍ തുക കയ്യില്‍ വന്നു ചേര്‍ന്നത്.

600 മില്യണ്‍ യെന്‍ അഥവാ 38 ലക്ഷം ഡോളര്‍ (33.88 കോടി രൂപ) ആണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. എന്നാല്‍ ഇക്കാര്യം ഇയാള്‍ ഭാര്യയില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു. യഥാര്‍ത്ഥ സമ്മാനത്തുക ഭാര്യ അറിഞ്ഞാല്‍ ആഡംബര ജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്ന് കരുതിയാണ് എസ് എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ കാര്യങ്ങള്‍ മറച്ചുവച്ചത്. മിതമായ ചെലവില്‍ ജീവിക്കുകയെന്നതായിരുന്നു ഭാര്യയുടെ ആഗ്രഹം. അതുകൊണ്ട് തന്നെ കുറഞ്ഞ തുകയാണ് സമ്മാനം എന്നാണ് ഇയാള്‍ ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

ബിയര്‍ പോലും വീട്ടിലേക്ക് കയറ്റാന്‍ ഭാര്യ സമ്മതിക്കാതിരുന്നതാണ് യഥാര്‍ത്ഥ തുക ഒളിച്ചുവെക്കാനുള്ള കാരണം. എന്നാല്‍ ഭാര്യയേയും മക്കളേയും ഒളിച്ചുള്ള ആഡംബര ജീവിതം അധികം വൈകാതെ ഇയാള്‍ക്ക് മടുത്തു. മാനസിക ആരോഗ്യത്തെ പോലും സംഗതി ബാധിച്ചതോടെ ഇയാള്‍ ബാക്കിയുള്ള തുക മക്കളേയും ഭാര്യയേയും നോമിനിയാക്കി ഇന്‍ഷുറന്‍സില്‍ നിക്ഷേപിക്കുകയായിരുന്നു. താന്‍ അധ്വാനിച്ച് സമ്പാദിച്ച പണമായിരുന്നെങ്കില്‍ ഇത്രയും ആഡംബരം കാണിക്കില്ലായിരുന്നു എന്ന തിരിച്ചറിവാണ് ബാക്കി തുക കുടുംബത്തിനായി വിനിയോഗിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.